റിയാദ്- സൗദി അറേബ്യൻ ജനതക്കിടയിൽ വംശീയ വിദ്വേഷവും വെറുപ്പും സ്പർധയും പടർത്തുന്നതിനായി സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പോസ്റ്റ് ചെയ്ത് വ്യക്തിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ നിർദേശം. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് ഉത്തരവ് നൽകിയത്. ഒരു ടെലിവിഷൻ ചാനലിലെ സീരിയൽ പരിപാടിയിൽ പൗരന്മാർക്കിടയിൽ വെറുപ്പും വിദ്വേഷവും പരത്തുകയും വംശീയ അസഹിഷ്ണുത സൃഷ്ടിക്കുന്ന ചെയ്യുന്ന ഉള്ളടക്കം ഇയാൾ മനഃപൂർവം പ്രചരിപ്പിക്കുകയാണെന്ന് അധികൃതർ കണ്ടെത്തി. പൊതുമര്യാദക്ക് വിരുദ്ധമായി പെരുമാറിയ ഇയാൾ മറ്റുള്ളവരെ നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ച് മോശമായി ചിത്രീകരിക്കുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷനിലെ മോണിറ്ററിംഗ് സെന്റർ നിരീക്ഷിച്ചു. ഇതേ തുടർന്നാണ് ക്രിമിനൽ നിയമാവലിയിലെ 15 ഉം 17 ഉം വകുപ്പ് പ്രകാരം പ്രതിയെ ഉടൻ പിടികൂടി ഹാജരാക്കാൻ നിർദേശിച്ചതെന്ന് പ്രോസിക്യൂഷൻ വൃത്തങ്ങൾ വെളിപ്പെടുത്തി.
സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണവും വംശീയാധിക്ഷേപവും പൊതുനിയമത്തിന് വിരുദ്ധമായ കൃത്യമായാണ് വിലയിരുത്തുക. കുറ്റം തെളിയുന്ന പക്ഷം പ്രതികൾ അഞ്ച് വർഷം കഠിന തടവ് അനുഭവിക്കുകയും 30 ലക്ഷം റിയാൽ പിഴ അടക്കേണ്ടി വരികയും ചെയ്യുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ സൂചിപ്പിച്ചു.