Sorry, you need to enable JavaScript to visit this website.

റിയാദിൽ വനിതകൾക്ക് മാത്രമായി  ആപ്പിൾ അക്കാദമി തുറക്കുന്നു

റിയാദ് പ്രിൻസ് നൂറ യൂനിവേഴ്‌സിറ്റിയിൽ പ്രവർത്തനം തുടങ്ങാനിരിക്കുന്ന ആപ്പിൾ അക്കാദമിയുടെ ആസ്ഥാനം. 

റിയാദ്- പ്രിൻസ് നൂറ യൂനിവേഴ്‌സിറ്റിയുമായും തുവൈഖ് അക്കാദമിയുമായും സഹകരിച്ച് വനിതകൾക്കായി സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ പ്രഥമ അക്കാദമി സ്ഥാപിക്കുമെന്ന് ആപ്പിൾ കമ്പനി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ വനിതാസംരഭകരുടെ സഹകരണത്തോടെയാണ് പുതിയ അക്കാദമി സ്ഥാപിക്കുന്നത്. സാങ്കേതികവിദ്യയുടെ അപാരമായ സാധ്യതയിൽ വിശ്വസിച്ചാണ് പുതിയ അക്കാദമിയുടെ സംസ്ഥാപനമെന്നും പഠനത്തിനും ഗവേഷണത്തിനുമുള്ള സാധ്യതകൾക്ക് ഇത് വാതിലുകൾ തുറക്കുമെന്നും കമ്പനി അവകാശപ്പെട്ടു. വളരെ അഭിമാനപൂർവമാണ് ഇത്തരത്തിൽ ഒരു അക്കാദമി സ്ഥാപിക്കുന്നതെന്നും എങ്ങിനെയാണ് വനിതകൾ ഇതുമായി സഹകരിക്കുകയെന്നോ കണ്ടെത്തലുകൾ നടത്തി ലോകത്തെ മാറ്റുകയെന്നോ ചിന്തിച്ച് സമയം കളയുന്നില്ലെന്നും ആപ്പിൾ കമ്പനി പറഞ്ഞു.


ലോകത്തിൽ വനിതകൾക്കായുള്ള ഏറ്റവും വലിയ യൂനിവേഴ്‌സിറ്റിയായ പ്രിൻസ് നൂറയിലെ ക്യാമ്പസിൽ തന്നെയായിരിക്കും ആപ്പിൾ അക്കാദമിയും സ്ഥിതി ചെയ്യുക. ചരിത്രപരമായ ദൗത്യത്തിൽ ആപ്പിൾ കമ്പനിയുമായും പ്രിൻസ് നൂറ യൂനിവേഴ്‌സിറ്റിയുമായും സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് തുവൈഖ് അക്കാദമി അധികൃതർ വിശദമാക്കി. സൗദി അറേബ്യയിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ള യുവതികൾക്ക് മാത്രമായിരിക്കും അക്കാദമിയിൽ പ്രവേശനം അനുവദിക്കുക. പഠിതാക്കൾക്ക് ലോകോത്തര നിലവാരത്തിൽ താമസം, കായിക പരിശീലനം, റിയാദിലേക്കും തിരിച്ചുമുള്ള ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾക്ക് ലഭ്യമാക്കും. ഒരു വർഷം 600 ലേറെ യുവതികൾക്ക് പരിശീലനം നൽകുന്നതിനാണ് അക്കാദമി ലക്ഷ്യമാക്കുന്നത്. പത്ത് മാസം നീളുന്ന പരിശീലന പദ്ധതിയിൽ 30 ദിവസത്തെ പ്രാരംഭ കോഴ്‌സും പഠിതാക്കൾക്ക് ലഭ്യമാക്കും. ഈ വർഷം തന്നെ അനുയോജ്യമായ സമയത്ത് അക്കാദമിയിൽ പ്രവേശനം നൽകുമെന്ന് പ്രിൻസ് നൂറ യൂനിവേഴ്‌സിറ്റി അധികൃതർ വിശദമാക്കി. 


 


 

Latest News