Sorry, you need to enable JavaScript to visit this website.

പോലീസുകാരന്റെ ഭാര്യക്ക് അടികിട്ടിയിട്ടും പ്രതിയെ രക്ഷപ്പെടുത്താന്‍ പോലീസിന്റെ ശ്രമം

കോട്ടയം- മരണാനന്തര ചടങ്ങുകള്‍ക്കിടെ ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്കു അടിയേറ്റ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ വൈക്കം പോലീസ് കേസെടുത്തു. കേസ് ഒതുക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന ആരോപണത്തിനിടെയാണ് ഇത്്.

കാസര്‍കോട് കോസ്റ്റല്‍ എസ്.എച്ച്.ഒ എം.ജെ. അരുണിന്റെ ഭാര്യ ശ്രീജ (40)ക്കാണ് അടിയേറ്റത്്.  വൈക്കം ചെമ്മനത്തുകരയിലാണ് സംഭവം. കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന വൈക്കം ചെമ്മനത്തുകര മംഗലപ്പള്ളി എം.െജ. അരുണിന്റെ ഭാര്യ ശ്രീജ(40)ക്കാണ് അടിയേറ്റത്. ഇപ്പോള്‍ കാസര്‍കോടാണ് ജോലി ചെയ്യുന്നത്്.

തലപൊട്ടി ബോധരഹിതയായ ശ്രീജയെ ബന്ധുക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ശ്രീജയുടെ തലയില്‍ ഏഴ് കുത്തിക്കെട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബന്ധുക്കളുടെ സഹായത്തോടെ മറ്റൊരു വീട്ടില്‍ ഒളിച്ചിരുന്ന പ്രതികളെയും കാറും കണ്ടെത്തി വൈക്കം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാതെ രക്ഷപ്പെടാന്‍ അവസരം നല്‍കിയെന്നാണ് ആക്ഷേപം.

പ്രതികളെ കണ്ടെത്തിയ വീട്ടില്‍ സ്ത്രീകളുള്ളതിനാല്‍ കയറാന്‍ കഴിയില്ലെന്നും വനിതാ പോലീസില്ലാതെ അകത്തുകയറേണ്ടെന്ന് വൈക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്ഥലത്തെത്തിയ എ.എസ്.ഐ പരാതിക്കാരെ അറിയിച്ചു. തുടര്‍ന്ന് പോലീസ് നോക്കിനില്‍ക്കെ പ്രതികള്‍ വീട്ടില്‍നിന്നിറങ്ങിപ്പോകുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. സംഭവത്തില്‍ ആദ്യം കേസെടുക്കാതിരുന്ന വൈക്കം പോലീസ് പരാതിക്കാരനായ ഇന്‍സ്‌പെക്ടറുടെ ശക്തമായ നിലപാടിനെത്തുടര്‍ന്ന് പിറ്റേന്ന് വധശ്രമത്തിന് കേസെടുത്തു.

പിന്നീട് കേസ് ഒതുക്കിത്തീര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരെ സമീപിച്ചെങ്കിലും ഇന്‍സ്‌പെക്ടര്‍ വഴങ്ങിയില്ല. ഇതോടെ പ്രതികള്‍ രക്ഷപ്പെട്ട് കയറിയ വീട്ടുകാര്‍ ഇന്‍സ്‌പെക്ടര്‍ അരുണിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിച്ചാല്‍ അരുണിനെതിരായ നടപടി ഒഴിവാക്കാമെന്നും വൈക്കം പോലീസ് അറിയിച്ചെന്ന് വീട്ടുകാര്‍ പറയുന്നു.
വൈക്കം പോലീസിന്റെ നടപടിക്കെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അരുണ്‍ പരാതി നല്‍കി. അതേ സമയം കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി വൈക്കം പോലീസ് അറിയിച്ചു.

 

 

Latest News