ഷാര്‍ജ- ആഫ്രിക്കന്‍ വംശജര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കെട്ടിടത്തില്‍നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ ഇടുക്കി കൂട്ടാര്‍ കരുണപുരം കടത്തില്‍ ഹൗസില്‍ വിഷ്ണു വിജയന്റെ(29) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും. ഷാര്‍ജ അല്‍ ഖാസിമിയ ആശുപത്രിയില്‍ എംബാമിംഗ് നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി.ജോണ്‍സണ്‍, സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി, തങ്കപ്പന്‍, റമീസ് അടക്കമുള്ള സുഹൃത്തുക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ഷാര്‍ജ അബുഷഗാറയില്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരനായിരുന്നു. ജൂണ്‍ 15ന് ഉച്ചക്കാണ് സംഭവം. വഴക്ക് കണ്ട് ഭയന്ന്‌കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുരുതര പരുക്കേറ്റ വിഷ്ണു രക്തം വാര്‍ന്നാണു മരിച്ചതെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകമാണെന്നു സംശയിക്കാന്‍ തക്ക മുറിവ് ശരീരത്തിലില്ലായിരുന്നു. മറ്റു തെളിവുകളും ലഭിച്ചിരുന്നില്ല. വിഷ്ണുവിന്റെ അച്ഛന്‍ രോഗിയാണ്. പ്രായമായ അമ്മയും സഹോദരനുമുണ്ട്. അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെയായിരുന്നു മരണം.