ദുബായ്- അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വഴികളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് യു.എ.ഇ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.
സൗഹൃദവും സഹകരണവും ശക്തമാക്കുന്നതിനുപുറമെ, ഇരുരാജ്യങ്ങളുടേയും ജനങ്ങളുടേയും താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണവും പ്രധാന വിഷയമായി. മേഖലയിലും രാജ്യാന്തര തലത്തിലും രൂപപ്പെട്ട പുതിയ സാഹചര്യങ്ങളെ കുറിച്ചുള്ള നിലപാടുകളും അറിയിച്ചു.
2015 ല്‍ പ്രധാനമന്ത്രി മോഡി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. 34 വര്‍ഷത്തെ ഇടവേളക്കുശേഷമായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം.