മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മുസാഫിര്‍ എ.കെ.ജിയെ കണ്ട ഓര്‍മ പങ്കുവെച്ചുകൊണ്ട് വി.ടി. ബല്‍റാമിന്റെ
അവിവേകത്തെ ചോദ്യം ചെയ്യുന്നു. മുസാഫിര്‍ ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം.
നക്ഷത്രമെവിടെ? പുല്‍ക്കൊടിയെവിടെ?
ഈ തലവാചകത്തിന് പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ സാറിനോട് കടപ്പാട്. അദ്ദേഹം സദാ ഓര്‍മപ്പെടുത്തിയിരുന്ന മറ്റൊരു കാര്യം: മരിച്ചു പോയവരെപ്പറ്റി ദൂഷ്യം പറയാതിരിക്കുകയെന്നത് അന്തസ്സിന്റെ അഭിജാതമായ അടയാളമാകുന്നു.
എ.കെ.ജിക്കും ഇ.എം.എസിനുമെതിരെ മുദ്രാവാക്യം മുഴക്കിയിരുന്ന സി.പി.ഐ കാലഘട്ടത്തിലെ ഭൂതകാലത്തില്‍ നിന്ന് എ.കെ.ജി എന്ന മനുഷ്യസ്‌നേഹിയുടെ സഹാനുഭൂതിയും കാരുണ്യവും നിറഞ്ഞ വ്യക്തിജീവിതത്തിന്റെ വര്‍ണാഭമായ വര്‍ത്തമാനത്തിലേക്ക് എന്നെയുണര്‍ത്തിയത് മനോരമയുടെ പാലക്കാട് റസിഡന്റ് എഡിറ്ററായിരുന്ന, എന്റെ ഗുരു, ജോയ് ശാസ്താംപടിക്കല്‍ എന്ന കറ കളഞ്ഞ കോണ്‍ഗ്രസുകാരനായിരുന്നു. മനോരമക്കാരനായിട്ടും ഖദര്‍ധാരിയായിട്ടും ജോയേട്ടന്‍, എ.കെ.ജിയുടെ ഏറ്റവുമടുത്ത ഇഷ്ടക്കാരിലൊരാളായി മാറി.
ജോയ്, പാലക്കാട്ടും പിന്നീട് മലപ്പുറത്തും മനോരമ ബ്യൂറോ ചീഫായിരുന്ന കാലത്ത് എ.കെ.ജി ഈ രണ്ടിടങ്ങളിലും ഏത് പരിപാടിക്ക് വന്നാലും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അത്രയും ഊഷ്മളമായിരുന്നു ആ സൗഹൃദം. സി.പി.എമ്മുകാരെപ്പോലും വിസ്മയിപ്പിച്ച ചങ്ങാത്തം.
പാലക്കാട് സി.പി.എം സമ്മേളനഹാളില്‍ നിന്ന് പത്രക്കാരെ മാറ്റി നിര്‍ത്താന്‍ ഇ.എം.എസ് ആവശ്യപ്പെട്ടപ്പോള്‍, ഇ.എം.. അതവരുടെ ജോലിയല്ലേ? അവര്‍ നമ്മുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യട്ടെയെന്ന് പറഞ്ഞ് പത്രക്കാര്‍ക്ക് വാതില്‍ തുറന്ന് കൊടുത്ത മഹാമനസ്‌കനായിരുന്നു എ.കെ.ജിയെന്ന് ജോയ് എഴുതിയിട്ടുണ്ട്.
1976 ല്‍ എ.കെ.ജി മലപ്പുറത്ത് വന്നതോര്‍ക്കുന്നു. ഉച്ചയൂണിന് ഞാനുണ്ടാകുമെന്ന് ജോയിയോട് പറഞ്ഞ് ഒപ്പമുണ്ടായിരുന്ന സഖാക്കള്‍ ഇമ്പിച്ചിബാവയേയും പാലോളിയേയും പ്രശാന്ത് ഹോട്ടലിലേക്ക് പറഞ്ഞ് വിട്ടു, എ.കെ.ജി. ദേശാഭിമാനി മലപ്പുറം ലേഖകന്‍ പാലോളി കുഞ്ഞിമുഹമ്മദും ഞാനും അന്ന് ജോയിയുടെ വീട്ടിലുണ്ട്. നിഷ്‌കളങ്കനായൊരു നേതാവിന്റെ, അതേ സമയം ഉജ്വലനായൊരു പോരാളിയുടെ പ്രസാദ ഭരിതമായ മുഖമാണ് എ.കെ.ജിയില്‍ കാണാന്‍ കഴിഞ്ഞത്. ('എന്റെ എ.കെ.ജി' എന്ന പേരില്‍, എ.കെ.ജി മരിച്ചപ്പോള്‍ മനോരമയിലെഴുതിയ ലേഖനത്തില്‍ ഇക്കാര്യം ജോയ് ശാസ്താംപടിക്കല്‍ അനുസ്മരിക്കുന്നുണ്ട്). എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയെന്ന് പറഞ്ഞ് പാലോളി കുഞ്ഞിമുഹമ്മദ് പരിചയപ്പെടുത്തിയപ്പോള്‍ ചിരിച്ചുകൊണ്ട് എ.കെ.ജി എന്റെ ചുമലില്‍ തട്ടിയത് ഇന്നും അതീവ ഹൃദ്യമായ ഓര്‍മ്മ.
ഇന്ത്യയിലെ എക്കാലത്തേയും ഏറ്റവും വലിയ ജനകീയ നേതാവിനെ ആദ്യമായും അവസാനമായും കണ്ടത് മലപ്പുറം - മഞ്ചേരി റോഡിലെ ജോയേട്ടന്റെ ആ കൊച്ചു വാടകവീട്ടില്‍. മധുരമൂറും സ്‌നേഹത്തിന്റെ ആ നനുത്ത കൈത്തലം എന്നെയിതാ ഇപ്പോഴും അദൃശ്യമായി സ്പര്‍ശിക്കുന്ന പോലെ.
**** ****
അമരാവതിയിലെ കുടിയിറക്കിനെതിരായുള്ള അത്യുജ്വല പോരാട്ടത്തില്‍ നിന്നാണ് എ.കെ.ജിയുടെ സമരേതിഹാസം ഇതള്‍ വിടരുന്നത്. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എഴുതുന്നു:
എ.കെ.ജി ആരേയും ശകാരിക്കും. സാധാരണ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ കേന്ദ്രമന്ത്രിമാര്‍ വരെ ആ ശകാരത്തിന് വിധേയമായിട്ടുണ്ട്. എന്നാല്‍ ഇ.എം.എസിന് ശകാരിക്കാനേ അറിയില്ല. എ.കെ.ജി വികാരപരമായാണ് പ്രശ്‌നങ്ങളെ സമീപിച്ചിരുന്നത്. സുശീലയുമായുള്ള വിവാഹം തന്നെ ഉദാഹരണം. അപൂര്‍വ പ്രണയമായിരുന്നു ഇവരുടേത്. ഈ വിവാഹം സുശീലയുടെ കുടുംബത്തിലും ചെറിയ തോതില്‍ എതിര്‍പ്പുണ്ടാക്കിയെങ്കിലും പിന്നീട് പരിഹരിച്ചു. 1952 സെപ്റ്റംബര്‍ പത്തിനായിരുന്നു വിവാഹം. എ.കെ.ജിയുടെ സ്വകാര്യ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖം മകള്‍ ലൈലയുടെ അസുഖങ്ങളായിരുന്നു. മകളെക്കുറിച്ച് എന്നോട് പലപ്പോഴും എ.കെ.ജി പറയാറുണ്ടായിരുന്നു. എം.വി രാഘവന്‍ മുന്‍കൈയെടുത്താണ് പി. കരുണാകരനുമായുള്ള ലൈലയുടെ വിവാഹം നടത്തിയത്.
പാര്‍ലമെന്ററി വ്യാമോഹത്തെക്കുറിച്ച് സഖാക്കള്‍ക്കും നേതാക്കള്‍ക്കും എ.കെ.ജി നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധേയം..
- പുതിയ ജീവിതം, പുതിയ ചുറ്റുപാട്, പുതിയ ബന്ധങ്ങള്‍ ഇവയെല്ലാമെനിക്ക് അപരിചിതമായിരുന്നു. ഒരു മനുഷ്യനെ നശിപ്പിക്കാനുള്ള സാഹചര്യങ്ങളാണ് ഞാനവിടെ കണ്ടത്. ഒന്നാം ക്ലാസ് യാത്ര, ആഡംബരവീട്, സുഖസൗകര്യങ്ങള്‍, ഉത്തരവാദിത്തമില്ലാത്ത ജീവിതം.. ഒരു മനുഷ്യന്റെ തലതിരിയാന്‍ വേറെ വല്ലതും വേണോ?
** **
ഒളിവ്ജീവിതത്തിലെ സഫലമായതും അല്ലാത്തതുമായ പ്രണയങ്ങള്‍ നിരവധി. 'വയലാര്‍ സ്റ്റാലിന്‍' സി.കെ.കുമാരപ്പണിക്കരുടെ ( സഖാവ് സി.കെ. ചന്ദ്രപ്പന്റെ പിതാവ്) സഹോദരപുത്രിയായ സുശീലമായുള്ള എ.കെ.ജിയുടെ അടുപ്പം, സ്‌നേഹം, പ്രണയം, വിവാഹം അതൊക്കെ ചരിത്രം. പാര്‍ട്ടി കടമ മറന്ന് ഒളിവില്‍ കഴിഞ്ഞ വീട്ടിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് അച്ചടക്കനടപടി നേരിട്ട ഒരു സഖാവാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറനാട് സെക്രട്ടറിയും പിന്നീട് സി.പി.ഐ നേതാവുമായിരുന്ന, ഉജ്വല വാഗ്മി കൂടിയായ ആനക്കയം മുഹമ്മദ് ഇസ്ഹാഖ്. (ഡോ. സാക്കിര്‍ ഹുസൈന്റെ സെക്രട്ടറിയായി ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇസ്ഹാഖിന്റെ പത്‌നി ഷൊര്‍ണൂര്‍ ചളവറയിലെ പദ്മാവതി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ മക്കളോടൊപ്പം. ഇസ്ഹാഖ് സാഹിബ് ജീവിച്ചിരിപ്പില്ല) - പാര്‍ട്ടി കാര്‍മികത്വത്തില്‍ എത്രയോ കല്യാണങ്ങള്‍. അധികവും മിശ്രവിവാഹങ്ങള്‍. പരാതികളില്ലാത്തിടത്തോളം കാലം അവയൊക്കെ തീര്‍ത്തും വൈയക്തിക കാര്യങ്ങള്‍.
ലെനിന്‍ പറഞ്ഞത് പോലെ, ജലത്തില്‍ മല്‍സ്യം കണക്കെ, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് അവരിലൊരാളായി മാറി, യഥാര്‍ഥ പ്രോലിറ്റേറിയന്‍ നേതാവായി ജീവിച്ച് മരിച്ച മഹാനാണ് എ.കെ.ജി.
മഹാശൃംഗം പോലെയുയര്‍ന്ന് നില്‍ക്കുന്ന ആ വ്യക്തിജീവിതത്തിലേക്ക് വൃഥാ വിസര്‍ജ്യമെറിയുന്ന നാലാംകിട പോസ്റ്റിട്ടതല്ല, വീണ്ടും വീണ്ടും തന്റെ അധമ ലിഖിതത്തെ നിര്‍ലജ്ജം ന്യായീകരിക്കുക കൂടി ചെയ്യുന്നത് കാണുമ്പോള്‍, CYBER DIARRHEA എന്നിതിനെ മൂക്ക് പൊത്തി വിളിക്കാന്‍ തോന്നുന്നു.
വി.ടി എന്ന മറ്റൊരു രണ്ടക്ഷരം, ബല്‍റാമിന്റെ വീടിന് വിളിപ്പാടകലെ ജീവിച്ച, അത്യുജ്വലമായ കേരളീയ നവോഥാന നായകന്റെ ആദ്യ നാമാക്ഷരങ്ങള്‍ കൂടിയായിരുന്നല്ലോ എന്നിപ്പോള്‍, നിറഞ്ഞ് തുളുമ്പും ഖേദത്തോടെ, വെറുതെയോര്‍ക്കട്ടെ.
എന്നാലും ചോദിക്കാന്‍ തോന്നുന്നു:
എ.കെ.ജിയെവിടെ? ബല്‍റാമെവിടെ?
നക്ഷത്രമെവിടെ, പുല്‍ക്കൊടിയെവിടെ?