തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തിന് ക്ലൈമാക്സായില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന എം. ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി മറ്റന്നാള്‍ അവസാനിക്കും. ജാമ്യത്തിലിറങ്ങിയശേഷം പുറം ലോകം കാണാതെ ഏകാന്തനായി ജീവിക്കുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരികെ വരുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നിയന്ത്രിച്ചിരുന്ന ശക്തിയായ ശിവശങ്കറിനെ സര്‍വീസിലേക്ക് തിരികെയെടുത്താല്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. എതിര്‍ സ്വരങ്ങളൊക്കെയും മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യമിട്ടായിരിക്കും ഉടലെടുക്കുക.എന്നാല്‍ സസ്‌പെന്‍ഷന്‍ ഒരു വര്‍ഷമാകുമ്പോള്‍ ഇനി നീട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായ തടസമുണ്ടെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. വിവാദമുണ്ടായതിന് ശേഷം ശിവശങ്കര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വീസ് കാലാവധി.