റിയാദ് - ഗൾഫ് രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്ത സ്വർണ ശേഖരം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കവർന്ന സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. എയർപോർട്ടിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് സുരക്ഷാ വകുപ്പുകൾ നടത്തിയ ഊർജിതമായ അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. റിയാദ് എയർപോർട്ടിൽ എത്തിയ സ്വർണ ശേഖരം ദുരൂഹ സാഹചര്യത്തിൽ പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
ദിവസങ്ങൾക്കു മുമ്പ് ഗൾഫ് വിമാനത്തിൽ എയർ കാർഗോ ആയി എത്തിയ, കോടിക്കണക്കിന് റിയാൽ വില വരുന്ന സ്വർണ ശേഖരം സൂക്ഷിച്ച കണ്ടെയ്‌നറാണ് സംഘം അതിവിദഗ്ധമായി കവർന്നത്. സ്വർണ ശേഖരം റിയാദ് എയർപോർട്ടിലെത്തുന്നതിനെ കുറിച്ച് സംഘത്തിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നു. സ്വർണ ശേഖരം ഗൾഫ് രാജ്യത്തു നിന്ന് വിമാനത്തിൽ കയറ്റുന്ന സമയം, റിയാദിൽ വിമാനം എത്തുന്ന സമയം എന്നിവയെല്ലാം സംഘം മുൻകൂട്ടി അറിഞ്ഞിരുന്നു. ഏതു വിധേനയാണ് സംഘം സ്വർണ ശേഖരം എയർപോർട്ടിൽ നിന്ന് കവർന്നത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് മലയാളികളടക്കമുളള ഏഴ് ഇന്ത്യക്കാരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. എയർപോർട്ട് കാർഗോ സെക്ഷനിൽ ജോലി ചെയ്യുന്നവരായിരുന്നു ഇവർ. തുടർന്ന് ഇവരുടെ ബന്ധുക്കൾ ഇവരെ കാണാനില്ലെന്ന് കാണിച്ച് ഇന്ത്യൻ എംബസിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകനായ സിദ്ദീഖ് തുവ്വൂരിനു കേസിൽ ഇടപെടാൻ എംബസി അനുമതി നൽകി. സിദ്ദീഖ് നടത്തിയ അന്വേഷണത്തിൽ ഇവർ റിയാദ് എക്‌സിറ്റ് അഞ്ചിലെ പ്രോസിക്യൂഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിലുണ്ടെന്ന് വ്യക്തമായി. ബന്ധപ്പെട്ട ഉേദ്യാഗസ്ഥരുമായി ഇവരുടെ നിരപരാധിത്വം തെളിയിക്കുകയും വിട്ടയക്കുകയുമായിരുന്നു.