തിരുവനന്തപുരം- രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും. രോഗവ്യാപന സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു. ഇവിടങ്ങളില്‍ ക്വാറന്റീന്‍, സമ്പര്‍ക്ക നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കും. വീടുകളില്‍ സൗകര്യമില്ലാത്തവരെ ചികിത്സാ കേന്ദ്രങ്ങളിലേക്കും മറ്റു രോഗങ്ങളുള്ളവരെ കോവിഡ് ആശുപത്രികളിലും പ്രവേശിപ്പിക്കും.
മൂന്നാം തരംഗത്തെ തടയുന്നതിന് വാക്‌സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി. കോളെജ് വിദ്യാര്‍ത്ഥികളേയും സര്‍ക്കാര്‍ വാക്‌സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. 18നും 23നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന. തുടര്‍പഠനത്തിന് വിദേശത്തേക്ക് പോകുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. സ്വകാര്യ ബസ് തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരേയും വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.