ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ് വിമാനം ജൂലൈ 14 ന്
ജിദ്ദ- ഇന്ത്യയിൽ നിന്നുള്ള ഹജ് തീർത്ഥാടകരുടെ ക്വാട്ടയിൽ സൗദി അറേബ്യ 5000 സീറ്റിന്റെ വർധന വരുത്തി. ഇതു പ്രകാരം ഈ വർഷം മുതൽ 1,75,025 പേർക്ക് ഇന്ത്യയിൽ നിന്ന് ഹജ് നിർവഹിക്കാനാവുമെന്ന് ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ് കോൺസലുമായ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. 1,70,025 ആയിരുന്നു നിലവിലെ ക്വാട്ട. ഇന്ത്യയും സൗദിയും ഹജ് കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് സൗദി അറേബ്യ ക്വാട്ട വർധിപ്പിച്ചത്.
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ് വിമാനം ജൂലൈ 14 ന് യാത്ര തിരിക്കും. സെപ്തംബർ 25 നാണ് അവസാന വിമാന സർവീസ്. കേന്ദ്ര ഹജ് കമ്മിറ്റിക്ക് കീഴിൽ വരുന്ന ഹാജിമാരിൽ ഏതാണ്ട് 40 ശതമാനത്തോളം പേർക്ക് ഹറമിൽ നിന്ന് 1500 മീറ്റർ പരിധിക്കുള്ളിൽ വരുന്ന ഗ്രീൻ കാറ്റഗറിയിൽ താമസ സൗകര്യം ലഭിക്കും. ശേഷിക്കുന്നവർക്ക് അസീസിയ കാറ്റഗറിയിലാണ് താമസ സൗകര്യം. സുപ്രീം കോടതിയുടെ നിർദേശാനുസരണമുള്ള ദീർഘകാല താമസ കരാർ പ്രായോഗികമല്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിൽ ഈ വർഷം 21 ഹജ് എംബാർക്കേഷൻ പോയന്റുകളാണുള്ളത്. സൗദി എയർലൈൻസ്, എയർ ഇന്ത്യ വിമാനങ്ങളാണ് പ്രധാനമായും സർവീസുകൾ നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള മുഴുവൻ സർവീസും എയർ ഇന്ത്യക്കായിരിക്കുമെന്നാണ് വിവരം.
വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഹാജിമാർക്ക് എറ്റവും മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കുന്നതിന് ഇന്ത്യൻ ഹജ് മിഷൻ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഹജ് അക്കൊമഡേഷൻ ലൊക്കേറ്റർ എന്ന മൊബൈൽ ആപ്ലിക്കേഷൻ, ഹജ് മിഷന്റെ വാട്‌സ്ആപ് സേവനങ്ങൾ, ടോൾ ഫ്രീ നമ്പർ, എസ്.എം.എസ് അലർട്ട് സംവിധാനം, 24 മണിക്കൂർ ഹെൽപ് ലൈൻ ഫോൺ നമ്പർ സേവനം, ഏകീകൃത ബാഗേജ് സംവിധാനം, നാട്ടിൽ നിന്നു തന്നെ ബലി കൂപ്പണും സിം കാർഡും നൽകൽ തുടങ്ങിയ സേവനങ്ങൾ ഈ വർഷവും ലഭ്യമാക്കും.
ഹറം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 2013 ൽ വിദേശ രാജ്യങ്ങളുടെ ഹജ് ക്വാട്ടയിൽ 20 ശതമാനം കുറവ് വരുത്തിയിരുന്നതിനാൽ ഇന്ത്യയുടെ സീറ്റ് 1,36,020 ആയി ചുരുക്കിയിരുന്നു. 2017 ൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ 1,70,025 ആയി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. 5000 സീറ്റ് കൂടി വർധിപ്പിച്ചതോടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് ഇത്രയധികം സീറ്റുകൾ ലഭിക്കുന്നത്. ഈ വർഷത്തെ ഹജിന് ഇന്ത്യയിൽ നിന്ന് 3.55 ലക്ഷം പേർ അപേക്ഷ സമർപ്പിച്ചിരുന്നു.