റിയാദ്- കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിൽ 2020-2021 വർഷത്തിൽ അംഗങ്ങളായിരിക്കേ മരിച്ച പ്രവാസികളുടെ അവകാശികൾക്കുള്ള പദ്ധതി വിഹിതം പാണക്കാട് വെച്ച് വിതരണം ചെയ്തു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പാലക്കാട് ജില്ലയിൽ നിന്ന്, മരിച്ച കരിമ്പ സ്വദേശി എ.കെ സുലൈമാന്റെ കുടുംബത്തിനുള്ള വിഹിതം പാലക്കാട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് നാസർ തങ്ങൾക്ക് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരുന്നു. കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ടു പോകുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന ഈ സഹായം വിലമതിക്കാനാവാത്തതാണെനും രണ്ട് വർഷം പൂർത്തിയാക്കിയ പദ്ധതി കൂടുതൽ സജീവമായി മുന്നോട്ട് കൊണ്ടുപോകാൻ റിയാദ് കെ.എം.സി.സിക്ക് കഴിയട്ടെയെന്നും സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ജൂലൈ 15 മുതൽ ആരംഭിക്കുന്ന മൂന്നാംഘട്ട കാമ്പയിൻ വിജയിപ്പിക്കാൻ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പദ്ധതി കാലയളവിൽ മരിച്ച അംഗങ്ങളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് വിഹിതമായി നൽകുന്നത്. രണ്ടാം ഘട്ട പദ്ധതിയിൽ അംഗങ്ങളായവരിൽ ഹൃദ്രോഗം, കിഡ്നി സംബന്ധമായ അസുഖം എന്നിവ ബാധിച്ച ഏഴ് പേർക്ക് ഇരുപതിനായിരം രൂപ വീതം ചികിത്സാ സഹായവും നൽകി. കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ പി.സി മജീദ്, ശഫീർ തിരൂർ, സുബൈർ അരിമ്പ്ര, ശിഹാബ് പള്ളിക്കര, കുന്നുമ്മൽ കോയ, അലവിക്കുട്ടി ഒളവട്ടൂർ, ഷുക്കൂർ ഹാജി തൃക്കരിപ്പൂർ, എം.എസ് അലവി, കെ.പി മൊയ്തു, യൂസഫ് പാലക്കൽ, സലാം തറയിൽ എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം.മൊയ്തീൻ കോയ കല്ലമ്പാറ സ്വാഗതം പറഞ്ഞ ചടങ്ങിൽ നാട്ടിലുള്ള റിയാദ് കെ.എം.സി.സിയുടെ നാഷണൽ, സെൻട്രൽ, ജില്ലാ, മണ്ഡലം ഭാരവാഹികളും മുസ്‌ലിം ലീഗ് നേതാക്കളും സംബന്ധിച്ചു.