കോട്ടയം- നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കെ.എം മാണി കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാർട്ടി സിറ്റിയറിങ് കമ്മിറ്റിയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. നിരവധി അന്വേഷണങ്ങളിലും, കോടതിയും, ഇരു മുന്നണികളും മാണി നിരപരാധിയെന്ന് പറഞ്ഞിരുന്നു എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കവെ മാണി കുറ്റക്കാരൻ എന്ന് പരാമർശം നടത്തിയിട്ടില്ല. അഴിമതിക്കാരൻ എന്ന് വാക്ക് ഉപയോഗിച്ചിട്ടില്ല, അഴിമതി ആരോപണം നേരിട്ടു എന്നാണ് പറഞ്ഞത്. രേഖകൾ പരിശോധിച്ചപ്പോൾ അത് വ്യക്തമായി. വാർത്തകളിൽ വന്ന വിവാദ പരാമർശം നടത്തിയിട്ടില്ല. ആ ഘട്ടത്തിൽ പേര് പറയാതെ ആരോപണം ഉണ്ടായിരുന്നു എന്ന് മാത്രമാണ് പരാമർശം. ജഡ്ജിയുടെ ചോദ്യത്തിന് മറുപടിയായാണ് അഭിഭാഷകൻ ഇത്തരം ഒരു മറുപടി നൽകിയത്. ധനമന്ത്രിക്ക് നേരെ ആരോപണങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്. സുപ്രീം കോടതിയിൽ മാണിയുടെ പേര് പോലും പറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.