Sorry, you need to enable JavaScript to visit this website.

ചെമ്പൈയുടെ  പിൻതലമുറക്കാരന്  ശാസ്ത്രീയ  സംഗീതത്തിൽ എ ഗ്രേഡ്

തൃശൂർ- ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പിൻതലമുറക്കാരന് ശാസ്ത്രീയസംഗീതത്തിൽ എ ഗ്രേഡ്. പാലക്കാട് ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഭരദ്വാജ് സുബ്രഹ്മണ്യമാണ് തുടർച്ചയായ മൂന്നാം വർഷം ഹൈസ്‌കൂൾ വിഭാഗത്തിൽ ശാസ്ത്രീയ സംഗീത്തിൽ എ ഗ്രേഡ് നേടിയത്.
നാലാം വയസുമുതൽ അച്ഛൻ വെള്ളിനേഴി സുബ്രഹ്മണ്യത്തിനു കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന ഭരദ്വാജ് എട്ടിൽ പഠിക്കുമ്പോഴാണ് അരങ്ങേറ്റം നടത്തിയത്. പത്താംക്ലാസെത്തുമ്പോഴേക്കും നൂറോളം കച്ചേരികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭരദ്വാജ് നടത്തിക്കഴിഞ്ഞു. ഗുരു കൂടിയായ അച്ഛൻ വെള്ളിനേഴി സുബ്രഹ്മണ്യത്തിന്റെ മുത്തച്ഛൻ ചെമ്പൈയുടെ ശിഷ്യനും ബന്ധുവുമാണ്. കുട്ടിക്കാലം മുതൽക്കേ സ്വരസ്ഥാനങ്ങളിലെ ശുദ്ധി ഭരദ്വജനുണ്ടായിരുന്നുവെന്ന് അച്ഛൻ പറയുന്നു. തോടി രാഗത്തിൽ കദ്ദനു വാരിഗി എന്നാരംഭിക്കുന്ന ത്യാഗരാജ കീർത്തനമാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഭരദ്വാജ് ആലപിച്ചത്. ഭരദ്വാജിന് പുറമെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ശാസ്ത്രീയ സംഗീതത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി ഐശ്വര്യ, ഉമ എന്നിവരുടെ ഗുരുവും ഭരദ്വാജിന്റെ അച്ഛൻ വെള്ളിനേഴി സുബ്രഹ്മണ്യം തന്നെയാണ്. പാലക്കാട് പത്തിരിപ്പാല ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് ഇൻസ്റ്റിറ്റിയൂട്ടിലെ കലാധ്യാപകനായ വെള്ളിനേഴി സുബ്രഹ്മണ്യത്തിന്റെയും വയനാട് പിണങ്ങോട് ജി.യു.പി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ മഞ്ജുവിന്റെയും മകനാണ് ഭരദ്വാജ്. ഭവപ്രിയ സഹോദരിയാണ്.
 

Latest News