കൊച്ചി- രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി നീട്ടാന്‍ കസ്റ്റംസ് നല്‍കിയ അപേക്ഷ കോടതി തള്ളി. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യണമെന്ന ആവശ്യവും കോടതി നിരസിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയത്. ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടികിട്ടണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.
അര്‍ജുന്‍ ആയങ്കി നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. സ്വര്‍ണക്കടത്തിന് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണമുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ടി.പി കേസില്‍ പരോളിലുള്ള പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം നാളെ അര്‍ജുന്‍ ആയങ്കിയേയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്.
കേസില്‍ നേരത്തെ ഏഴ് ദിവസം കസ്റ്റഡി അനുവദിച്ചിരുന്നു. കേസിന്റെ അന്വേഷണത്തിനും തെളിവെടുപ്പിനും ഈ ദിവസങ്ങള്‍ മതിയാവും. വീണ്ടും കസ്റ്റഡി അനുവദിക്കേണ്ടതിന്റെ ആവശ്യങ്ങള്‍ വ്യക്തമായി ബോധിപ്പിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
അര്‍ജുന്‍ ആയങ്കിയെ എറണാകുളത്തെ ജില്ലാ ജയിലിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു. കസ്റ്റഡിയില്‍ തന്നെ കസ്റ്റംസ് മര്‍ദിച്ചതായി അര്‍ജുന്‍ ആയങ്കി കോടതിയെ അറിയിച്ചു. കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ് മര്‍ദനമുണ്ടായത്. അഞ്ചാം നിലയില്‍ വെച്ചാണ് മര്‍ദനമുണ്ടായതെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു.