കോഴിക്കോട്- മൈലാഞ്ചി മൊഞ്ചണിഞ്ഞ് കോഴിക്കോട് ഒന്നുകൂടി സുന്ദരിയായിയിട്ടും ഗാലറിയില്‍ ഇരുന്ന് ഫാഷന്‍ പരേഡ് കാണുന്ന പ്രേക്ഷകന്റെ അവസ്ഥയിലാണെന്ന് സന്ദര്‍ശകര്‍.
മൂന്ന് വര്‍ഷം മുന്‍പ് സൗത്ത് ബീച്ച് നവീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച 'കോര്‍ണിഷ് ' കഴിഞ്ഞ മന്ത്രിസഭയിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൊതുജനത്തിന് വേണ്ടി തുറന്ന് കൊടുത്തിരുന്നു.
പുതിയ മുഖച്ഛായ ജൂലൈ ഒന്നിന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചിട്ടും കോവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് ദൂരെനിന്ന് പോലും നോക്കിക്കാണാന്‍ അനുമതിയില്ല.
ബീച്ചിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാണാനും ആസ്വദിക്കാനും നിയന്ത്രണ കാലത്തും നിരവധി പേരാണ് ദിവസവും എത്തുന്നത്.
എന്നാല്‍ ബീച്ച് പരിസരത്ത് ഇറങ്ങാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ അനുമതിയില്ല.
റോഡില്‍ ബാരിക്കേടുകള്‍വെച്ച് കയര്‍ കെട്ടി അടച്ചിരിക്കയാണ്.
പാമ്പും ഏണിയും ചെസ്സ് ബോര്‍ഡും ബീച്ച് വാക് വേയില്‍ മനോഹരമായി ഒരുക്കിയിട്ടുണ്ട്.
ഇതിന്റെ പകിടയും മറ്റ് സാമഗ്രികളും ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കയാണ്.
കോവിഡ് ഭീഷണി കെട്ടടങ്ങി നിയന്ത്രണങ്ങള്‍ നീക്കിയിട്ട് വേണം ഒന്നര്‍മാദിക്കാനെന്ന കാത്തിരിപ്പിലാണ് കുട്ടികളടക്കമുള്ളവര്‍.
എന്നാല്‍ കാലത്ത് അഞ്ചു മണി മുതല്‍ ഏഴ് മണി വരെ പ്രഭാത നടത്തക്കാര്‍ക്കും വ്യായാമം ചെയ്യാന്‍ എത്തുന്നവര്‍ക്കും കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി യുണ്ട്.
ഈ അവസരം മുതലെടുത്ത് പലരും കാലത്ത് ബീച്ചില്‍ ഉല്ലസിക്കാനും ഫോട്ടോ എടുക്കാനും എത്തുന്നുണ്ട്. ഇത് പ്രഭാത സവാരിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമാകുമോ എന്ന ആശങ്ക വ്യായാമത്തിനെത്തുന്നവരടക്കമുള്ളവര്‍ പങ്കു വെക്കുന്നുണ്ട്.
ബീച്ചിന്റെ പ്രധാന ആകര്‍ഷകമായ ഉപ്പിലിട്ടതു മുതല്‍ ഐസ് ഒരതി വരെ ഒരുക്കിയിരുന്ന തട്ടുകടകള്‍ നുറുക്കണക്കിന് തൊഴിലാളികളുടെ ജീവിതവും നഷ്ടത്തിലാക്കി അനാഥമായി കിടക്കുന്നു.
അത് കൊണ്ട് തന്നെ സന്ദര്‍ശകര്‍ക്ക് വലിയ ആവേശമൊന്നും ബീച്ചിലെത്തിയാല്‍ ഇല്ല. കാലത്ത് എട്ട് മണി വരെ സന്ദര്‍ശകരും നടത്തക്കാരും ഇവിടം ചെലവഴിക്കുമ്പോള്‍ കര്‍ശന നിയന്ത്രണമുള്ള ഫുള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശനി, ഞായര്‍ ദിവസങ്ങളില്‍ ഏഴ് മണിക്ക് തന്നെ പോലീസെത്തി എല്ലാവരേയും ഒഴിപ്പിക്കും.