ചൈനക്കാരും അറബികളും നൂറ്റാണ്ടുകൾക്കപ്പുറം വാണിജ്യ ബന്ധം സ്ഥാപിച്ച പുരാതന നഗരം. സത്യസന്ധതയുടെ തുറമുഖമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോഴിക്കോട് ലോക സഞ്ചാരി ഇബ്‌നുബത്തൂത്തയുടെ മനം കവർന്നതെല്ലാം ചരിത്രം. പുതിയ കാലത്തും കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസം ഡെസ്റ്റിനേഷനായി മാറാനുള്ള തീവ്രശ്രമത്തിലാണ് കോഴിക്കോട്. ഇത്രയും ആകർഷകമായ കടലോര പ്രദേശം കേരളത്തിൽ വേറെ കാണില്ലെന്ന് ഉറപ്പിച്ചു പറയാം.
കോവിഡ് കാലം കഴിയുമ്പോൾ സഞ്ചാരികൾ നിർബന്ധമായും ആദ്യം സന്ദർശിക്കേണ്ട പ്രദേശമാണ് കോഴിക്കോട് കടപ്പുറം. നിയന്ത്രണങ്ങൾ മാറുമ്പോൾ ഗൾഫ് പ്രവാസികൾക്ക് കുടുംബസമേതം കണ്ടാസ്വദിക്കാവുന്ന സ്‌പോട്ടാണിത്. ഭക്ഷണ പ്രിയന്മാർക്ക് ഒട്ടും നിരാശപ്പെടേണ്ടി വരില്ല. സൗത്ത്-നോർത്ത് ബീച്ചുകളിലായി ഫർലോംഗ് കണക്കിന് ദൂരത്തിൽ വൈവിധ്യമാർന്ന ഭോജനശാലകളുമുണ്ട്. പാർക്കിംഗിനെ കുറിച്ച് ഒട്ടും ആശങ്കപ്പെടേണ്ടതില്ല.
കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന് മുമ്പ് വരെ എല്ലാ വൈകുന്നേരങ്ങളിലും ഐസ് ഫ്രൂട്ടും ഉപ്പിലിട്ടതും തട്ടുകടകളുമായി വലിയ ആൾത്തിരക്കുണ്ടായിരുന്ന ബീച്ച്, ലോക്ഡൗൺ കാലയളവിൽ ഒട്ടേറെ മാറ്റങ്ങളോടെ പുതുമോടിയിലെത്തിയിരിക്കുകയാണ്.
കോഴിക്കോട് കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളിൽ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികൾക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുൽത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കോഴിക്കോടിന്റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റക്കാട്, എം.എസ് ബാബുരാജ്, എം.ടി വാസുദേവൻ നായർ, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്റെ ചുമരുകളിലുള്ളത്. മിശ്കാൽ പള്ളിയും കുറ്റിച്ചിറയും തകർന്ന കടൽപ്പാലവും ഉരു നിർമ്മാണവും ഐസ് ഒരതിയും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം നേരിൽകാണുന്ന പോലെ കാഴ്ചക്കാർക്ക് ചിത്രങ്ങളിലൂടെ കാണാൻ സാധിക്കും.
മരത്തടിയിലുള്ള ചവറ്റുകുട്ടകൾ ബീച്ചിൽ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള കളി ഉപകരണങ്ങൾ, ഭക്ഷ്യ കൗണ്ടർ, ഭിന്നശേഷി റാമ്പുകൾ, വഴിവിളക്കുകൾ, ലാൻഡ്‌സ്‌കേപ്പിങ്, നിരീക്ഷണ ക്യാമറകൾ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങൾ. ശിലാസാഗരം ബീച്ചിലെ ഭീമൻ ചെസ് ബോർഡ്, പാമ്പും കോണിയും തുടങ്ങിയവ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും കോഴിക്കോട് ബീച്ചിനെ വ്യത്യസ്തമാക്കുന്നു.
അണിഞ്ഞൊരുങ്ങി മാറ്റങ്ങളോടെ എത്തുന്ന കോഴിക്കോട് ബീച്ചിന്റെ വീഡിയോകളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. സൗത്ത് ബീച്ചിന് പുറമെ ബീച്ചിൽ ശിൽപങ്ങൾ സ്ഥാപിച്ച പ്രദേശത്ത് ഭീമൻ ചെസ് ബോർഡും, പാമ്പും കോണിയും ചിത്രവും നൽകിയിരിക്കുന്നു. ഇതിന് പുറമെ 'നമ്മുടെ കോഴിക്കോട്' എന്നും എഴുതിയ വലിയ ഡിസ്‌പ്ലേകളും ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്.
കോഴിക്കോട് ബീച്ചിനോട് ചേർന്നുള്ള ഭട്ട് റോഡ് ബീച്ചിലും നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നേരത്തെ ബീച്ചിൽ ഓപ്പൺ സ്‌റ്റേജിനോട് ചേർന്നുള്ള ഭാഗങ്ങളിലും മാററ്റങ്ങൾ വരുത്തിയിരിക്കുന്നു.
ബീച്ച് നവീകരണ ഉദ്ഘാടനത്തിന് തൊട്ടടുത്ത ദിവസം തളി പൈതൃകാനുഭവസ്ഥാനവും ഉദ്ഘാടനം ചെയ്തു.
സാമൂതിരി രാജഭരണത്തിന്റെ ചരിത്ര നിമിഷങ്ങൾ വരച്ചു ചേർത്ത ചുമരുകൾ, പൈതൃക സ്മരണകൾ നഷ്ടപ്പെടാതെ പുതുക്കിപ്പണിത കുളവും അനുബന്ധ നിർമ്മാണങ്ങളും, പുതിയ കാലത്തിന്റെ രേഖപ്പെടുത്തലായി നൂതന സംവിധാനത്തോടെ അണിയിച്ചൊരുക്കിയ സ്‌റ്റേജും പ്രദർശനവെളിച്ച സംവിധാനങ്ങളും. തളി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള നവീകരണത്തിന്റെ ഭാഗമായി കോഴിക്കോടിന്റെ പൈതൃകവും സംസ്‌കാരവും ഒട്ടും കൈവിടാതെ പുതുമോടിയിലേക്ക് മാറുകയാണ് തളി ക്ഷേത്രക്കുളവും പരിസരവും.
പദ്ധതിയുടെ ഭാഗമായി കുളം നവീകരിച്ച് സംരക്ഷണ ഭിത്തി കെട്ടി പെയിന്റിംഗ് ജോലികളും പൂർത്തിയാക്കി. കുളത്തിന്റെ ഭാഗമായുള്ള ആറാട്ട് കടവ്, വടക്കു ഭാഗത്ത് കുളപ്പുരകൾ എന്നിവ പുനർനിർമ്മിച്ചു. കിഴക്ക് ഭാഗത്ത് ഗ്രാനൈറ്റ് പതിച്ച ഇരിപ്പിടങ്ങൾക്ക് സമീപം കുളത്തിന് അഭിമുഖമായി നിർമ്മിച്ച എട്ട് ചുമരുകളിലാണ് സിമന്റിൽ ചിത്രങ്ങൾ തയ്യാറാക്കിയത്. സാമൂതിരി ഭരണകാലത്തെ വിവിധ ദൃശ്യങ്ങളാണ് ഈ ചിത്രങ്ങൾ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. ചിത്രങ്ങളുടെ വിവരണങ്ങൾ ചുമരിന് പിന്നിൽ പതിച്ചിട്ടുണ്ട്. അരിയിട്ട് വാഴ്ച, രാജാവിന്റെ എഴുന്നള്ളത്ത്, മാമാങ്കം, രേവതിപട്ടത്താനം, മങ്ങാട്ടച്ഛനും പൂന്താനവും, ത്യാഗരാജ സംഗീത സഭ, കൃഷ്ണനാട്ടം, തളിയിലെ സദ്യ എന്നിവയാണ് ചുമരിലെ ചിത്രങ്ങളിൽ ഒരുക്കിയ ചരിത്രദൃശ്യങ്ങൾ.
റോഡരികിൽ ക്ഷേത്ര മതിലിനോട് ചേർന്നാണ് ഔഷധച്ചെടികൾ, പൂജാപുഷ്പങ്ങൾ തുടങ്ങിയവയുള്ള സസ്യോദ്യാനം നിർമ്മിച്ചത്. ആൽത്തറകൾ സന്ദർശകർക്ക് ഇരിക്കുന്നതിനുള്ള സൗകര്യമൊരുക്കി നവീകരിച്ചു. മികച്ച ശബ്ദവെളിച്ച സംവിധാനം, എൽഇഡി വാൾ എന്നിവ സജ്ജീകരിച്ചാണ് സ്‌റ്റേജ് നവീകരിച്ചത്. നടപ്പാതയും പടവുകളും നിർമ്മിച്ചു. മ്യൂസിയം, ലൈബ്രറി എന്നിവയും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാരികൾക്കും ക്ഷേത്രത്തിലെത്തുന്നവർക്കും നയനാനന്ദകരമായ കാഴ്ചകളൊരുക്കിയാണ് നവീകരണം പൂർത്തിയാക്കിയത്.
നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചുക്കാൻ പിടിച്ച നവീകരണ പദ്ധതി രൂപകൽപ്പന ചെയ്തത് എൻഐടി ആർകിടെക്ചറൽ വിഭാഗം പ്രൊഫ എ.കെ. കസ്തൂർബയാണ്. ജില്ലാ നിർമിതി കേന്ദ്രക്കായിരുന്നു നിർമാണ ചുമതല.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്ന മുറയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ടൂറിസ്റ്റുകൾക്ക് ഏറെ വൈകാതെ ബീച്ചിലെത്താനാവുമെന്നാണ് പ്രതീക്ഷ.