തിരുവനന്തപുരം- ഇപ്പോഴത്തെ മന്ത്രി സ്പീക്കറുടെ ചേംമ്പറില്‍ കയറി ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിക്കുന്നതാണോ എംഎല്‍എയുടെ മൗലികാവകാശമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി.
നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് നാണം കെട്ട സമീപനമാണ്. കെ എം മാണിയെ ദേഹോപദ്രവം ഏല്‍പ്പിക്കാനുള്ള ശ്രമമാണുണ്ടായത്. ഇപ്പോഴത്തെ മന്ത്രി സ്പീക്കറുടെ ചേംമ്പറില്‍ കയറി ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിപ്പിക്കുന്നതാണോ മൗലികാവകാശം. അര്‍ധ നഗ്നനായി നിന്ന് നിയമസഭയില്‍ നൃത്തം ചെയ്യുന്നതാണോ മൗലികാവകാശം- അദ്ദേഹം ചോദിച്ചു.
നിയമസഭയില്‍ കയ്യാങ്കളി നടത്തിയവര്‍ക്ക് ശിക്ഷ വാങ്ങികൊടുക്കാന്‍ യുഡിഎഫ് ഒറ്റകെട്ടായി നില്‍ക്കും. കെഎം മാണി യുഡിഎഫിന്റെ അഭിമാനമാണ്. സ്പീക്കറുടെ കസേര വലിച്ചെറിയുന്നതാണോ എംഎല്‍എയുടെ മൗലികാവകാശം. മാണി സര്‍ കള്ളനാണെന്ന് സുപ്രീം കോടതിയില്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.