Sorry, you need to enable JavaScript to visit this website.

അപ്പീലുകൾ കലോത്സവത്തെ കൊല്ലുന്നു -മൂർക്കനാട് ദിനേശ് വർമ

തൃശൂർ- ആയിരത്തിലധികം അപ്പീലുകളും അതിനിടെ വ്യാജ അപ്പീലുകളും വന്നുനിറഞ്ഞ അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ അപ്പീലുകൾക്കെതിരെ ആഞ്ഞടിച്ച് ഒരു ഗുരുസ്വരം.
അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ എച്ച്.എസ്.എസിലെ സംസ്‌കൃതാധ്യാപകനും ഇവിടത്തെ കുട്ടികളെ വാദ്യകല പഠിപ്പിക്കുകയും ചെയ്യുന്ന മൂർക്കനാട് ദിനേശ് വർമയാണ് അപ്പീൽമേളയിലെ വേറിട്ട ഗുരുസ്വരമാകുന്നത്.
അപ്പീലുകൾ കലോത്സവത്തെ കൊല്ലുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവിട്ടത്തൂർ സ്‌കൂളിൽ നിന്ന് ചെണ്ടമേളത്തിൽ മാത്രമാണ് പങ്കെടുക്കാൻ കുട്ടികളെത്തിയത്. റവന്യൂജില്ലതലത്തിൽ പിന്നിലായ ഹയർ സെക്കണ്ടറിയിലെ ചെണ്ടമേള ടീമിനെയും തായമ്പക ടീമിനെയും അപ്പീൽ നൽകി സംസ്ഥാന കലോത്സവത്തിന് എത്തിക്കാമായിരുന്നുവെങ്കിലും അവരുടെ ഗുരുവായ മൂർക്കനാട് ദിനേശ് വർമ അതിന് അനുവദിച്ചില്ല. അപ്പീൽ വഴി സംസ്ഥാന കലോത്സവത്തിന് പോയി മത്സരിക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
വിധികർത്താക്കളുടെ ജഡ്ജ്‌മെന്റിനെ വിലകൽപ്പിക്കാതിരിക്കുകയെന്നത് നല്ല നടപടിയല്ല എന്നാണ് ദിനേശ് വർമ പറയുന്നത്. മത്സരത്തിൽ കുട്ടികൾക്ക് തൃപ്തി കിട്ടിയോ എന്നതാണ് പ്രധാനം. ഒന്നാംസ്ഥാനമല്ല മറിച്ച ആത്മസംതൃപ്തിയാകണം കലാപ്രകടനം നടത്തുന്ന കുട്ടികളുടെ ലക്ഷ്യം. ഇത് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത് അവരുടെ അധ്യാപകരാണ്. വിധികർത്താക്കളെ കുറിച്ച് പരാതിയുണ്ടെങ്കിൽ അത് മത്സരത്തിന് മുമ്പ് പറയുകയാണ് വേണ്ടത്. അല്ലാതെ വിധിനിർണയം വന്നശേഷം വിധികർത്താക്കളെ കുറ്റം പറയുന്നത് ശരിയല്ല. ഓരോ വിധികർത്താവിനും അവരുടെ അഭിപ്രായം അല്ലെങ്കിൽ കാഴ്ചപ്പാട് പറയാൻ സ്വാതന്ത്ര്യമുണ്ടാകണം - മൂർക്കനാട് ദിനേശ് വർമ പറഞ്ഞു.
ഇന്റർസോൺ കലോത്സവത്തിനടക്കം പല കലോത്സവങ്ങൾക്കും വിധികർത്താവായി പോയിട്ടുണ്ട് ഇദ്ദേഹം. പഠിക്കുന്ന സമയത്ത് അപ്പീൽ വഴി ഒരിക്കലും മത്സരത്തിന് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ള ദിനേശ് വർമയുടെ തായമ്പക ഒരു അനവദ്യ വാദ്യകല എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
കുട്ടികളെ സംസ്‌കൃതവും വാദ്യകലയും പഠിപ്പിക്കുന്നതോടൊപ്പം സംസ്‌കൃതത്തിൽ ഗവേഷണം നടത്തുക കൂടി ചെയ്യുന്നുണ്ട് ഇദ്ദേഹം.
 

Latest News