കണ്ണൂർ - അപൂർവ ജനിതകരോഗം ബാധിച്ച മാട്ടൂലിലെ മുഹമ്മദിൻ്റ ചികിത്സയ്ക്ക് ഏഴ് ദിവസത്തിനകം പതിനെട്ട് കോടി രൂപ സമാഹരിച്ച ഭഗീരഥ പ്രയത്നത്തിന് പിന്നിൽ നെടുംതൂണായി വർത്തിച്ച ഒരു പ്രവാസി ജീവകാരുണ്യ പ്രവർത്തകനുണ്ട്. ഗൾഫിലും നാട്ടിലും ഒരുപോലെ സുപരിചിതനായ ടി.പി.അബ്ബാസ് ഹാജി.
മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിയുടെ ജനറൽ കൺവീനർ കൂടിയായ അബ്ബാസ് ഹാജി, ഈ യത്നത്തെക്കുറിച്ച് മലയാളം ന്യൂസുമായി സംസാരിക്കുന്നു.
കുട്ടിയുടെ പിതാവ് ഒരു ദിവസം രാവിലെ നിറകണ്ണുകളോടെയാണ് തൻ്റെ വീട്ടിലെത്തിയത്. മകൻ്റെ അപൂർവ്വ രോഗത്തെക്കുറിച്ച് പറയുമ്പോൾ വാക്കുകൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചികിത്സക്കുള്ള മരുന്നിൻ്റെ വില കേട്ടതോടെ ആദ്യം ഞാൻ ഞെട്ടി. ഇത്ര വലിയ സംഖ്യ സമാഹരിക്കാനാവുമോ എന്ന ആശങ്ക അലട്ടുമ്പോഴും അദ്ദേഹത്തിന് ധൈര്യം നൽകി ഒപ്പമുണ്ടെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു. ഇതേക്കുറിച്ച് വിശദമായ പഠനം തന്നെ നടത്തി.ഈ കുട്ടിക്ക് ടൈപ്പ് 3 വിഭാഗത്തിൽ പെട്ടതായതിനാൽ രോഗമുക്തിക്ക് സാധ്യത കൂടുതലാണെന്നും മനസിലായി. തുടർന്ന് ഒരു വീഡിയോ തയ്യാറാക്കി ജീവകാരുണ്യ മേഖലകളിലെ ഗ്രൂപ്പുകളിൽ വിട്ടു. പതിമൂന്ന് ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതോടെ നിരാശ ബാധിച്ചുവെങ്കിലും പിന്മാറാൻ തയ്യാറായില്ല. കുട്ടിയുടെ പിതാവിൻ്റെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ജനകീയ കമ്മിറ്റി രൂപീകരിക്കാൻ തയ്യാറായി. എം.എൽ.എ വിജിൻ മുഖ്യ രക്ഷാധികാരിയായും, മുൻ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദലി രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദ് കൺവീനറുമായി ജനകീയ കമ്മിറ്റി രൂപീകരിക്കുകയും, അതിവിപുലമായ രീതിയിൽ പ്രവർത്തനത്തിനുള്ള ആക് ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. ഇതിൻ്റെ ഭാഗമായാണ് ഇതേ രോഗം ബാധിച്ച, കുട്ടിയുടെ സഹോദരി അഫ്റയുടെ സഹായ അഭ്യർഥനയോടെ വീഡിയോ തയ്യാറാക്കിയതും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും. ഗൾഫിലെ പ്രചാരണത്തിനായി അറബിയിലും ഇംഗ്ലീഷിലും ഹിന്ദിയിലുമടക്കം തയ്യാറാക്കി. ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സഹായ പ്രവാഹമായിരുന്നു. ലോകത്ത് കാരുണ്യവും സഹജീവി സ്നേഹവും വറ്റിയിട്ടില്ലെന്ന് ഈ ഒരൊറ്റ സംഭവം തെളിയിക്കുന്നു. ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ, കുഞ്ഞുമുഹമ്മദിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ജനങ്ങൾ ഒപ്പം നിന്നു.
ഇനി ചികിത്സയുടെ ഘട്ടമാണ്. ഇതിന് ഓരോരുത്തരുടെയും പ്രാർഥന വേണം. - അബ്ബാസ് ഹാജി അഭ്യർഥിക്കുന്നു.
കണ്ണൂർ മുട്ടം സ്വദേശിയായ ടി.പി.അബ്ബാസ് ഹാജി നാലര പതിറ്റാണ്ടായി യു.എ.ഇയിൽ പ്രവാസിയാണ്. സാമൂഹ്യ-ജീവകാരുണ്യ മേഖലകളിൽ ആയിരങ്ങൾക്ക് സഹായഹസ്തവുമായി എത്തിയ ഇദ്ദേഹം മുട്ടം സ്വദേശിയാണെങ്കിലും സമീപ പഞ്ചായത്തായ മാട്ടൂലിലാണ് താമസം.
ദുബായ് മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായാണ് ജീവകാരുണ്യ പ്രവർത്തനം ആരംഭിച്ചത്.
നാട്ടിലായാലും പ്രവാസ ലോകത്തായാലും എന്നും ആ രംഗത്ത് സജീവമാണ്. യു. എ. ഇ. മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായ അദ്ദേഹം കെ.എം.സി.സി.ദുബായ് കമ്മിറ്റി കണ്ണൂർ ജില്ല പ്രസിഡണ്ട് കൂടിയാണ്.
പ്രവാസ ലോകത്ത് നിന്ന് നാട്ടിലെത്തിയാൽ വിശ്രമമില്ലാതെ ഓരോ സ്വാന്തന പ്രവർത്തനത്തിലും മുന്നിൽ ഉണ്ടാവും. പാവപ്പെട്ടവനായത് കൊണ്ടു വേദന കടിച്ചമർത്തി, ചികിൽസിക്കാതെ മരണത്തെ കാത്തു കഴിയുന്ന ഒരു പാട് പേർക്ക് അനുഗ്രഹമായിട്ടുണ്ട് ഈ മനുഷ്യന്റെ നിസ്വാർത്ഥ പ്രവർത്തനം. നമുക്ക് ചിലപ്പോൾ പണം കൊടുത്തു സഹായിക്കാൻ കഴിഞ്ഞേക്കാം, പക്ഷെ നമ്മുടെ തിരക്കുകൾ മാറ്റിവെച്ചു മറ്റുള്ളവന്റെ വേദനയുടെ കൂടെ സഞ്ചരിക്കാൻ പലപ്പോഴും കഴിയില്ല...
ഇവിടെയാണ് അബ്ബാസ് ഹാജിയെ പോലുള്ള പൊതു പ്രവർത്തകരെ വ്യത്യസ്തരാകുന്നത്.
............ .'...................
ഫോട്ടോ - അബ്ബാസ് ഹാജി.