തിരുവനന്തപുരം- സുപ്രീംകോടതിയില്‍ അഭിഭാഷകന്‍, കെ.എം മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കോടതിയില്‍ നടന്ന ആശയവിനിമയം തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. തെറ്റായ വാര്‍ത്ത നല്‍കിയതിന് പിന്നില്‍ ദുരുദ്ദേശമാണെന്നും ഇടതുമുന്നണിയില്‍ പ്രശ്നങ്ങളുണ്ടാക്കാനാണ് ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു.
കെ.എം മാണി അനുഭവസമ്പത്തുളള രാഷ്ട്രീയ നേതാവാണ്. യു.ഡി.എഫിനെതിരായാണ് ബാര്‍കോഴ സമരം നടന്നത്. ബാര്‍കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നടന്ന് കെ.എം മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്തമില്ലെന്ന് കണ്ടെത്തിയതാണ്. യു.ഡി.എഫിനെ തളളിയാണ് കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫില്‍ എത്തിയത്.
അന്ന് കേരളത്തിലെ യു.ഡി.എഫ് അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. ആ അഴിമതിക്കെതിരായ സമരമാണ് ഇടതുപക്ഷം നടത്തിയത്. അത് യു.ഡി.എഫിനെതിരായ സമരമായി വേണം കാണാന്‍. മാധ്യമങ്ങളില്‍ വാര്‍ത്താ നിര്‍മ്മാണ വിദഗ്ധരുണ്ടെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ നിലപാടില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം സി.പി.എമ്മിനെ അതൃപ്തി അറിയിച്ചതായാണ് സൂചന.