Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരം തേടാന്‍ കേന്ദ്രത്തിന്റെ വെബ് പോര്‍ട്ടല്‍

ന്യൂദല്‍ഹി- ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ അടിയന്തര പരാതി പരിഹാരത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടല്‍. ഇന്റര്‍നെറ്റ് വഴിയുള്ള അപമാനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് സമയബന്ധിതമായി പരാതി പരിഹാരത്തിന് വേണ്ടിയാണ് പുതിയ പോര്‍ട്ടല്‍. ഇതിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. ഓണ്‍ലൈന്‍ ഇടപാടുകളിലെ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ പരാതി പരിഹാരത്തിനായി പോര്‍ട്ടലുമായി ബാങ്കുകളെയും ബന്ധിപ്പിക്കും.
ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ പണം തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് ഈ പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. ബാങ്കുകള്‍ക്ക് കൂടി പോര്‍ട്ടലിലേക്ക് ബന്ധം ഉണ്ടാകുന്നതോടെ ഇതുമായി ബന്ധപ്പെട്ട ബാങ്കിന് പരാതി പോര്‍ട്ടല്‍ വഴി നേരിട്ടു സ്വീകരിക്കാം.
ഇന്റര്‍നെറ്റിലൂടെ അപമാനും നേരിടുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തങ്ങള്‍ക്കു ലഭിച്ച അശ്ലീല സന്ദേശത്തിന്റെയോ മറ്റു പ്രകോപനപരമായ സന്ദേശങ്ങളുടെയോ ദൃശ്യങ്ങളുടെയോ സ്‌ക്രീന്‍ ഷോട്ടുകളും വീഡിയോയും ശബ്ദരേഖയും പരാതിയോടൊപ്പം പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യാം.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക ടീം പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തും. തുടര്‍ന്ന് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിലേക്കു പരാതി കൈമാറും. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ക്കും മാനംഭംഗ വീഡിയോകള്‍ക്കുമെതിരേ പരാതി നല്‍കാന്‍ പോര്‍ട്ടലില്‍ പ്രത്യേക വിഭാഗം ഉണ്ട്. ഇതില്‍ പരാതിക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യപ്പെടുത്താതെ തന്നെ നടപടിയെടുക്കാനുള്ള സംവിധാനവും ഉണ്ട്.
ഓരോ വര്‍ഷവും രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 21 ശതമാനം വര്‍ധനവുണ്ടാകുന്നുവെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. കുട്ടികളുടെ  ലൈംഗിക ദൃശ്യങ്ങളും മറ്റു ലൈംഗിക കുറ്റകൃത്യങ്ങളും ഇന്റര്‍നെറ്റില്‍ പരക്കുന്നതു തടയണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരാതി പരിഹാരത്തിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.
ഇതിനായി സുപ്രീം കോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍. ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സിബിഐയുടെ കീഴില്‍ ഒരു സെല്‍ രൂപീകരിക്കാനും സുപ്രീം കോടതി കഴിഞ്ഞ ഡിസംബറില്‍ നിര്‍ദേശിച്ചിരുന്നു.
2017 ഒക്ടോബര്‍ 27 നു ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, യു.യു ലളിത് എന്നിര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു പറഞ്ഞിരുന്നു. ഗൂഗിള്‍, യാഹു, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ഇന്റര്‍നെറ്റ് സേവന ദാതാക്കളോടും കുറ്റകൃത്യങ്ങള്‍ തടയാനുള്ള ശുപാര്‍ശകള്‍ ആരാഞ്ഞിരുന്നു.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മാനഭംഗ ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ പരക്കുന്നതിനെതിരെ സന്നദ്ധ സംഘടനയായ പ്രജ്വല നല്‍കിയ പരാതിയിലാണ് അടിയന്തര നടപടിയെടുക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്. പരാതി പരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാന പോലീസ് വിഭാഗങ്ങളുമായും കൂടിയാലോചന നടത്തിയിരുന്നു. നിലവിലെ ഐടി നിയമം അനുസരിച്ച് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനു മാത്രമേ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താന്‍ കഴിയൂ. എന്നാല്‍, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ക്രമാതീതമായ വര്‍ധനവുണ്ടാകുന്നതിനാല്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുളള ഉദ്യോഗസ്ഥര്‍ക്കു കൂടി അന്വേഷണം നടത്താവുന്ന വിധത്തില്‍ ഐടി നിയമത്തില്‍ ഭേദഗതി വരുത്തണമെന്നു ചൂണ്ടിക്കാട്ടി വിവര സാങ്കേതിക മന്ത്രാലയത്തിനു കത്തെഴുതിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പരിശീലന സൗകര്യങ്ങളോടു കൂടിയ ഫോറന്‍സിക് ലബോറട്ടറികള്‍ രൂപീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയും രൂപീകരിക്കും. ആവശ്യാനുസരണം സംസ്ഥാനങ്ങള്‍ക്ക് ഈ സംവിധാനങ്ങളുടെ സഹായം തേടാം.

 

Latest News