ന്യൂദല്‍ഹി- സിഗരറ്റ് കൂടിന്റെ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി നടപടിക്ക് സുപ്രീം കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയുടെ ഡിസംബര്‍ 15 ലെ വിധി സ്‌റ്റേ ചെയ്തത്.
കര്‍ണാടക ഹൈക്കോടതിയുടെ നടപടിയെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. പുകവലിക്കുന്നയാള്‍ മാത്രമല്ല, കുടുംബാംഗങ്ങളും സമൂഹവും അതിന്റെ ദോഷം അനുഭവിക്കേണ്ടിവരുന്നതായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയുടെ ആനുകൂല്യം പുകയില ഉല്‍പന്ന നിര്‍മാതാക്കള്‍ മുതലെടുക്കുമെന്നും അദ്ദേഹം വാദിച്ചു. കേന്ദ്രത്തിന്റെ വാദങ്ങളെ മറുഭാഗത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു. പാക്കറ്റിലെ ആരോഗ്യ മുന്നറിയിപ്പ് 50 ശതമാനം ഭാഗത്തേക്കാക്കി ഇടക്കാലത്തേക്ക് നിശ്ചയിക്കണമെന്നും പിന്നീടു വിഷയത്തില്‍ വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെയും കേന്ദ്രം എതിര്‍ത്തു.
ഹെല്‍ത്ത് ഫോര്‍ മില്യണ്‍സ് ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടേതുള്‍പ്പെടെ നിരവധി ഹരജികളാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തിയത്. പുകയില ഉല്‍പന്നങ്ങളുടെ പാക്കറ്റില്‍ 85 ശതമാനം ഭാഗത്ത് ചിത്രം സഹിതം ആരോഗ്യ മുന്നറിയിപ്പ് നല്‍കണമെന്ന 2014 ലെ ചട്ട ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണിതെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി നടപടി. അതേസമയം, 40 ശതമാനം ഭാഗത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കണമെന്ന പഴയ ചട്ടം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2014 ലെ ചട്ട ഭേദഗതി നിലവില്‍ വന്നത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണ്. തൊട്ടടുത്ത മാസം തന്നെ, ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളെല്ലാം സുപ്രീം കോടതി നിര്‍ദേശപ്രകാരം കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു.