മക്ക- ഈ വർഷം ഹജ് തീർഥാടകർ കൊറോണ വാക്‌സിൻ ഒഴികെ മറ്റു വാക്‌സിനുകൾ സ്വീകരിക്കൽ നിർബന്ധമില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. മെനിഞ്ചൈറ്റിസ് അടക്കമുള്ള വാക്‌സിനുകൾ തീർഥാടകർ സ്വീകരിക്കൽ നിർബന്ധമാണോയെന്ന ഹാജിമാരിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ഹജ്, ഉംറ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഹജ് തീർഥാടകർ കൊറോണ വാക്‌സിൻ സ്വീകരിക്കൽ നിർബന്ധമാണ്.
അതേസമയം, ഹജ് തീർഥാടകരും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരും കൊറോണ വാക്‌സിൻ സ്വീകരിച്ച് രണ്ടും അതിലധികവും ദിവസം പിന്നിട്ട ശേഷമായിരിക്കണം മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫഌവൻസ വാക്‌സിനുകൾ സ്വീകരിക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫഌവൻസ വാക്‌സിനുകൾ ഒരേ ദിവസം സ്വീകരിക്കാവുന്നതാണ്. മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫഌവൻസ വാക്‌സിനുകളും കൊറോണ വാക്‌സിനും സ്വീകരിക്കുന്നതിനിടയിൽ രണ്ടും അതിൽ കൂടുതലും ദിവസത്തെ ഇടവേള നിർബന്ധമാണ്. കൊറോണ വാക്‌സിൻ സ്വീകരിക്കുന്നതിനു മുമ്പോ സ്വീകരിച്ച ശേഷമോ ആന്റിബയോട്ടിക്കുകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന ശാസ്ത്രീയ ശുപാർശകളില്ലെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഹജ് ബുക്കിംഗ് റദ്ദാക്കുന്നവർക്ക് 48 മണിക്കൂറിനകം പണം തിരികെ ലഭിക്കും. ഇ-ട്രാക്ക് വഴി ബുക്കിംഗ് റദ്ദാക്കിയ ശേഷം പണം തിരികെ ലഭിക്കാൻ ഇ-ട്രാക്കിലെ മെയിൻ പേജിൽ പ്രവേശിച്ച് ബുക്കിംഗ് അന്വേഷണം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ബുക്കിംഗ് നമ്പറോ തിരിച്ചറിയൽ കാർഡ്, മൊബൈൽ ഫോൺ നമ്പറുകളോ നൽകുകയാണ് വേണ്ടത്. ഇതിനു ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ നൽകണം. ഇതോടെ ബുക്കിംഗുമായി ബന്ധപ്പെട്ട വിശദാംശങ്ങളും തിരികെ ലഭിക്കാനുള്ള പണവും പണം തിരികെ ലഭിക്കൽ അപേക്ഷാ ഐക്കണും പത്യക്ഷപ്പെടും. ഇതിനു ശേഷം പണം തിരികെ ലഭിക്കൽ അപേക്ഷാ ഐക്കണിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുകയാണ് വേണ്ടത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കുന്നവർക്ക് 48 മണിക്കൂറിനകം പണം തിരികെ ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.