കോഴിക്കോട് - പ്രിയങ്കരനായ ബഷീർ കഥാവശേഷനായി 27 വർഷം പിന്നിടുമ്പോഴും മലയാളത്തിലെ പുസ്തക വിൽപനയിൽ ഇമ്മ്ണിബല്യ ഒന്ന് ന്റുപൂപ്പാക്കൊരാനേണ്ടാർന്നും'ബാല്യകാല സഖിയും.
തങ്ങളുടെ പ്രിയങ്കരനായ കഥാകൃത്തിനോട് കേരളത്തിലും ലോകമെങ്ങുമുള്ള മലയാളി വായനക്കാരും മറ്റും അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ കാണിച്ചതിനെക്കാൾ കൂടുതൽ സ്‌നേഹവും താൽപര്യവുമാണ് മരിച്ചതിന് ശേഷവും കാണിക്കുന്നത്. ഡി.സി ബുക്‌സ് പുറത്തിറക്കുന്ന പുസ്തകങ്ങളിൽ കഴിഞ്ഞ 27 വർഷവും ഏറ്റവും കൂടുതൽ ചെലവായത്, ബഷീറിന്റെ ബാല്യകാല സഖിയും ന്റുപൂപ്പാക്കൊരനാണ്ടർന്നുവും ആനവാരിയും പൊൻകുരിശും പാത്തുമ്മയുടെ ആടുമൊക്കെയാണ്. ഈ ചെറിയ കൃതികളോടടുത്തെത്തുന്നില്ലെങ്കിലും ആയിരക്കണക്കിന് പേജുകളുള്ള ബഷീർ സമ്പൂർണ കൃതികളുടെയും മൂന്നു എഡിഷനുകളിലായി എല്ലാ വർഷവും മൂവായിരത്തോളം കോപ്പികളും ലോകമെങ്ങുമുള്ള മലയാളമറിയുന്നവരെല്ലാം വാങ്ങിക്കൂട്ടുന്നുണ്ട്.
ലോക്ഡൗൺ എല്ലാ മേഖലയെ പിടിച്ചുകുലുക്കിയ കഴിഞ്ഞ വർഷവും മലയാളിയുടെ ഈ ശീലത്തിനുയാതൊരു മാറ്റവും വന്നിട്ടില്ലെന്നറിയുമ്പോഴാണ് എത്രത്തോളമാണ് ബേപ്പൂർ സുൽത്താന് മലയാളിയുടെ വായനാലോകത്തുള്ള സ്ഥാനമെന്ന് നമുക്ക് തിരിച്ചറിയുവാനാകുക.
മൂന്നും നാലും എഡിഷനുകളിലായി ഒരു വർഷം 15,000 വും അതിനുമുകളിലും കോപ്പികൾ വരെയാണ് ബാല്യകാല സഖിയും ന്റുപൂപ്പാക്കൊരാനേണ്ടാർന്നും അനവാരിയും പാത്തുമ്മയുടെ ആടുമെല്ലാം ചെലവാകുന്നത്. ചില പുതിയ മലയാള എഴുത്തുകാരുടെ നോവലുകൾ ചില വർഷങ്ങളിൽ ചിലപ്പോഴെല്ലാം കൂടുതൽ ചെലവാകുമെങ്കിലും തുടർച്ചയായി മലയാളിയുടെ പുസ്തകംവാങ്ങൽ ശീലത്തിൽ ജീവിച്ചിരിക്കുന്നവരെക്കാളും മരിച്ചവരെക്കാളുമെല്ലാം ഇമ്മ്ണിബല്യദൂരം മുന്നിലാണ് ബഷീർ കൃതികൾ.
ഡി.സി ബുക്‌സിലൂടെ ഇങ്ങനെ പുസ്തകങ്ങൾ ചെലവാകുന്നതിൽ തൊട്ടടുത്തുള്ളത് മലയാളത്തിന്റെ പ്രിയ കവയത്രിയും കഥാകൃത്തുമായ മാധവിക്കുട്ടി എന്ന കമലാ സുരയ്യയാണ്. മാധവിക്കുട്ടിയുടെ നീർമാതളം പൂത്തക്കാലം, ബാല്യകാല സ്മരണകൾ, എന്റെ കഥ എന്നിവയാണ് വിൽപനയിൽ മുന്നിട്ടുനിൽക്കുന്ന പുസ്തകങ്ങൾ. ഇത് കഴിഞ്ഞാൽ തൊട്ടടുത്ത് തസ്രാക്കിന്റെ കഥാകാരൻ ഒ.വി. വിജയനാണ്. ഖസാക്കിന്റെ ഇതിഹാസം, കടൽ തീരത്ത്, ഒ.വി. വിജയന്റെ കഥകൾ എന്നിവയാണ് വിജയന്റെ ഏറ്റവും കൂടുതൽ ചെലവാകുന്ന മൂന്നു പുസ്തകങ്ങൾ.
മാധവിക്കുട്ടിയുടേതാണെങ്കിലും ഒ.വി. വിജയന്റെ പുസ്തകമാണെങ്കിലും ഒരു നിശ്ചിത പ്രായത്തിലുള്ളവരാണ് കൂടുതൽ വാങ്ങുന്നതെങ്കിൽ അക്ഷരം പഠിച്ചുതുടങ്ങിയ ചെറിയ കുട്ടികൾ മുതൽ റിട്ടയേർഡ് ജീവിതമാസ്വദിക്കുന്നുവരുടെ വരെ ഇഷ്ടപുസ്തകങ്ങളാണ് ബഷീറിന്റെ മിക്ക കൃതികളും. മലയാളത്തിൽ പകരം വെക്കാനില്ലാത്ത ക്ലാസിക്കുകളായി ഇവ മാറിയതുകൊണ്ടാണ് അദ്ദേഹമില്ലാതായി മൂന്നു പതിറ്റാണ്ട് ആകുമ്പോഴും മലയാളി ഈ പുസ്തകങ്ങളെ തേടിയെത്തുന്നതെന്ന് ഡി.സി ബുക്‌സ് മാനേജിംഗ് ഡയറക്ടർ രവി ഡി.സി പറഞ്ഞു.
ഇന്നും നമ്മൾ വായിക്കുമ്പോൾ നമുക്ക് സമീപസ്ഥരായി തോന്നുന്ന കഥാപാത്രങ്ങളും ചുറ്റുപാടുമുള്ള കഥകളുമെല്ലാമാണ് ബഷീറിന്റേതെന്നതിനാൽ സമയപരിധിയില്ലാത്ത മലയാളത്തിലെ ക്ലാസിക്കുകളായി ഇവ മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ബഷീറിന്റെ ഭാഷക്കും ഫിലോസഫിക്കുമെല്ലാം പകരം വെക്കാൻ മറ്റൊരു എഴുത്തുകാരനില്ല. അതിനാൽ ഇനിയും ബഷീറിനോടുള്ള മലയാളിയുടെ താൽപര്യം കൂടിക്കൂടി വരികയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.