റിയാദ് - സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സൗദിവൽക്കരണ തീരുമാനങ്ങളുടെ വിശദാംശങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പരസ്യപ്പെടുത്തി. ഡ്രൈവിംഗ് സ്‌കൂൾ സൗദിവൽക്കരണം അടുത്ത ഒക്ടോബർ മൂന്നു മുതൽ (സ്വഫർ 26) നടപ്പാക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂളുകളിൽ 8,000 ലേറെ സ്വദേശികൾക്ക് തൊഴിൽ ലഭിക്കും.
റിയൽ എസ്റ്റേറ്റ് മേഖലാ സൗദിവൽക്കരണത്തിലൂടെ 11,000 ലേറെ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കും. റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്, മാർക്കറ്റിംഗ്, ഓണേഴ്‌സ് യൂനിയൻ, സുസ്ഥിര നിർമാണം, റിയൽ എസ്റ്റേറ്റ് ആർബിട്രേഷൻ എന്നീ തൊഴിലുകൾ 100 ശതമാനം സൗദിവൽക്കരിക്കും. ഒക്‌ടോബർ ഒന്നു മുതൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ സൗദിവൽക്കരണം പാലിക്കൽ നിർബന്ധമാണ്.
എൻജിനീയറിംഗ്, സാങ്കേതിക തൊഴിലുകളിൽ 25 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. ഈ മേഖലയിൽ തൊഴിൽ തേടുന്ന സ്വദേശികൾ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ നിന്ന് പ്രൊഫഷനൽ അക്രെഡിറ്റേഷൻ നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
ലീഗൽ കൺസൾട്ടൻസി, നിയമ സ്ഥാപനങ്ങളിൽ രണ്ടു ഘട്ടമായാണ് സൗദിവൽക്കരണം നടപ്പാക്കേണ്ടത്. സെപ്റ്റംബർ 30 മുതൽ നിലവിൽ വരുന്ന ആദ്യ ഘട്ടത്തിൽ 50 ശതമാനവും 2022 സെപ്റ്റംബർ 20 മുതൽ നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ 70 ശതമാനം സൗദിവൽക്കരണവുമാണ് പാലിക്കേണ്ടത്. പബ്ലിക് ലോ ലീഗൽ അഡൈ്വസർ, പ്രൈവറ്റ് ലോ ലീഗൽ അഡൈ്വസർ, കോൺട്രാക്ട് സ്‌പെഷ്യലിസ്റ്റ്, ലീഗൽ അഫയേഴ്‌സ് ക്ലർക്ക്, ട്രെയിനി അഭിഭാഷകർക്കുള്ള അവസരങ്ങളും തൊഴിലുകളും എന്നീ ജോലികളാണ് സൗദിവൽക്കരണ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. 5,000 ലേറെ തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. ഈ മേഖലയിൽ സൗദി ജീവനക്കാരുടെ മിനിമം വേതനം 5,500 റിയാലായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.
സിനിമാ മേഖലയിൽ ചില തൊഴിലുകളെ സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾ ആകെ ജീവനക്കാരുടെ 15 ശതമാനം കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.