Sorry, you need to enable JavaScript to visit this website.

മൃതദേഹത്തിന് ഫൈനൽ എക്‌സിറ്റ്  നൽകേണ്ടത് ജവാസാത്ത്

മറ്റു നഗരങ്ങളിലേക്ക് കൊണ്ടുപോകാൻ ഗവർണറുടെ അനുമതി വേണം -എംബസി

റിയാദ്- ഖബറടക്കത്തിന് മൃതദേഹം ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് കൊണ്ടുപോകാൻ ഗവർണറേറ്റിന്റെ അനുമതി ആവശ്യമാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മരണം നടന്ന പ്രദേശത്ത് തന്നെയാണ് ഖബറടക്കവും നടത്തേണ്ടത്. മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് സാധാരണ നിലയിൽ സൗദി അധികൃതർ അനുമതി നൽകാറില്ല. 
മൃതദേഹത്തിന്റെ അനന്തര നടപടികൾക്ക് മരണം നടന്ന പ്രദേശത്തെ പോലീസിൽ നിന്ന് എൻ.ഒ.സി ലഭിക്കേണ്ടതുണ്ട്. അതിന് എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ ലഭിച്ച നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് സർവീസ് മണി ലഭിച്ചതുമായി ബന്ധപ്പെട്ട ലേബർ ഓഫീസ് ക്ലിയറൻസ്, ഫൈനൽ എക്‌സിറ്റ്, അഹ്‌വാലുൽ മദനി (സിവിൽ അഫയേഴ്‌സ്)യിൽ നിന്നുള്ള ഡെത്ത് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം. ഈ രേഖകൾ ലഭിച്ചാൽ മൃതദേഹം വിട്ടുനൽകുന്നതിനുള്ള ശുപാർശ പോലീസ് നൽകും. അസ്വാഭാവിക മരണമാണെങ്കിൽ നടപടികൾ പൂർത്തിയാക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർബന്ധമാണ്.
ഒരാൾ മരിച്ചാൽ 999 നമ്പറിൽ വിളിച്ചോ നേരിട്ടോ പോലീസിനെ അറിയിക്കണമെന്നതാണ് വ്യവസ്ഥ. പോലീസ് റെഡ് ക്രസന്റിനെ വിവരമറിയിക്കും. റെഡ് ക്രസന്റ് ഉദ്യോഗസ്ഥരെത്തി മരണം സ്ഥിരീകരിച്ച് റിപ്പോർട്ട് തയാറാക്കി ക്രൈം പോലീസിനെ അറിയിക്കും. അവർ വന്ന് മൃതദേഹത്തിന്റെയും മരിച്ചു കിടക്കുന്ന സ്ഥലത്തിന്റെയും ഫോട്ടോയെടുത്ത് റിപ്പോർട്ട് തയാറാക്കി ബലദിയയുടെ ആംബുലൻസിനെ അറിയിക്കും. ആംബുലൻസ് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോവും. എന്നാൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ മരണം സംഭവിച്ചതാണെങ്കിൽ നേരെ മോർച്ചറിയിലേക്ക് കൊണ്ടുപോയ ശേഷം പോലീസിനെ അറിയിച്ചാൽ മതി.

മലയാളം ന്യൂസ് ഫെയ്‌സ് ബുക് പേജ് ലൈക്ക് ചെയ്യുക

അതിനിടെ, സ്‌പോൺസറോ സാമൂഹിക പ്രവർത്തകരോ എംബസിയോ വിവരം ബന്ധുക്കളെ അറിയിച്ച് അവരിൽനിന്ന് ഇവിടെ അടക്കം ചെയ്യാനോ നാട്ടിലേക്ക് കൊണ്ടുവരാനോ ഉള്ള പവർ ഓഫ് അറ്റോർണി എത്തിക്കും. ഏതെങ്കിലും വ്യക്തിയുടെയോ എംബസിയുടെയോ കോൺസുലേറ്റിന്റെയോ പേരിലാണ് പവർ ഓഫ് അറ്റോർണി തയാറാക്കാറുള്ളത്.
പോലീസ് റിപ്പോർട്ടും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും പരിഭാഷപ്പെടുത്തി മരിച്ചയാളിന്റെയും ബന്ധുക്കൾ ചുമതലയേൽപ്പിച്ച വ്യക്തിയുടെയും തിരിച്ചറിയൽ രേഖകളും പവർ ഓഫ് അറ്റോർണിയും സ്‌പോൺസർ എല്ലാ ആനുകൂല്യങ്ങളും നൽകിയെന്ന ക്ലിയറൻസും എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിച്ചാലാണ് എൻ.ഒ.സി ലഭിക്കുക. 
എംബസിയോ കോൺസുലേറ്റോ നൽകിയ എൻ.ഒ.സിയുമായാണ് മരണം നടന്ന ഏരിയയിലെ പോലീസ് സ്‌റ്റേഷനിലെത്തി റിലീസ് ലെറ്റർ ആവശ്യപ്പെടേണ്ടത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ളതാണെങ്കിൽ ഡെത്ത് നോട്ടിഫിക്കേഷൻ ഇഷ്യു ചെയ്യാനും മൃതദേഹം സ്വീകരിക്കാനുമുള്ള അനുമതി, വിമാനത്താവളം, ആശുപത്രി, ജവാസാത്ത്, കാർഗോ തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മൃതദേഹം നാട്ടിലയക്കാനുള്ള അനുമതി പത്രം എന്നിവയും പോലീസിൽ നിന്ന് ലഭിക്കും. ശേഷം ആശുപത്രിയിലെത്തി ഡെത്ത് നോട്ടിഫിക്കേഷൻ കൈപ്പറ്റണം. ഇതുമായി അഹവാലുൽ മദനിയിൽ പോയാൽ ഡെത്ത് സർട്ടിഫിക്കറ്റ് ലഭിക്കും. അതിന്റെ പരിഭാഷ സഹിതം എംബസിയിലെത്തി നൽകണം. 
പിന്നീട് ആശുപത്രിയിലെത്തി എംബാമിംഗ് ചെയ്യിക്കണം. എംബാമിംഗിനും കഫൻ ചെയ്യാനും 5000 റിയാലാണ് ഫീസ്. ചില പ്രവിശ്യകളിൽ 1000 മുതൽ 1600 റിയാൽ വരെ അധികം നൽകേണ്ടി വരുമെന്ന് എംബസി അറിയിച്ചു. ഈ തുക ആശുപത്രിയിൽ അടച്ച ശേഷം അവിടെ നിന്ന് ലഭിക്കുന്ന എംബാമിംഗ് അപേക്ഷയിൽ എയർപോർട്ടിൽ നിന്ന് സീൽ ചെയ്യിക്കണം. 
അതിന് ശേഷം മോർച്ചറിയിലെത്തിച്ചാൽ എംബാമിംഗ് നടപടികൾ ആരംഭിക്കും. എംബാമിംഗ് കഴിഞ്ഞാൽ ആശുപത്രി എംബാമിംഗ് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യും. തുടർന്ന് സ്‌പോൺസർ എയർലൈൻ കാർഗോ ഓഫീസിലോ കാർഗോ ഏജന്റിനെയോ സമീപിച്ച് ടിക്കറ്റ് ബുക്ക് ചെയ്യണം. കാർഗോ സെക്ഷൻ നാട്ടിലെ വിമാനത്താവളത്തിലേക്ക് മൃതദേഹം എത്തുന്നത് സംബന്ധിച്ച് സന്ദേശം അയക്കും. നാട്ടിൽ മൃതദേഹം എത്തിയാൽ ഉടൻ തന്നെ ഏറ്റെടുക്കുമെന്ന് കാണിച്ച് ബന്ധുക്കൾ എയർപോർട്ട് അതോറിറ്റിക്ക് എഴുത്ത് നൽകേണ്ടതുണ്ട്. മൃതദേഹം എത്തുന്നതിന് മുമ്പ് തന്നെ സ്വീകരിക്കുന്നവർ തിരിച്ചറിയൽ രേഖകൾ സഹിതം വിമാനത്താവളത്തിലെത്തിയാൽ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ നേരത്തെ പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. എന്നാൽ മൃതദേഹത്തെ ആരെങ്കിലും അനുഗമിക്കുന്നുണ്ടെങ്കിൽ ഈ നടപടികൾ ആവശ്യമില്ല. 

സൗദിയില്‍ 60 വയസ്സ് പിന്നിട്ട വിദഗ്ധര്‍ക്ക് പിരിച്ചുവിടല്‍ ഭീഷണി ഒഴിവായി

മൃതദേഹം ഇവിടെ ഖബറടക്കാനും പോലീസിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഏതു പള്ളിയിലാണ് നമസ്‌കരിക്കേണ്ടതെന്നും ഏത് ഖബർസ്ഥാനിലാണ് അടക്കം ചെയ്യേണ്ടതെന്നും അറിയിച്ചാൽ മൃതദേഹം കൊണ്ടുപോകാൻ ജംഇയ്യത്തുൽ ഖൈരിയ്യയുടെ ആംബുലൻസ് സൗജന്യമായി ലഭിക്കും. സൗജന്യമായി ലഭിച്ചില്ലെങ്കിൽ ആംബുലൻസ് പണം കൊടുത്ത് വിളിക്കേണ്ടി വരും. ഖബർസ്ഥാനിൽ പണം നൽകേണ്ടതില്ലെങ്കിലും അവിടെയുള്ള തൊഴിലാളികൾക്ക് പോക്കറ്റ് മണി നൽകാറുണ്ട്. നാട്ടിൽ ബന്ധുക്കൾ സ്വീകരിക്കാൻ തയാറാകാത്ത ഇതര മതസ്ഥരുടെ മൃതദേഹം അടക്കം ചെയ്യാൻ ഗവർണറേറ്റിന്റെ പ്രത്യേക സമ്മതം ആവശ്യമാണ്. 
സൗദിയിൽ ഖബറടക്കുന്നതിനാണ് ബന്ധുക്കൾ അനുമതി നൽകിയതെങ്കിൽ ഖബറടക്കം കഴിഞ്ഞ ശേഷം അഹ്‌വാലുൽ മദനിയിൽ മരണം രജിസ്റ്റർ ചെയ്താൽ മതി. നാട്ടിലേക്ക് കൊണ്ടുപോവുകയാണെങ്കിലും ഇവിടെ അടക്കം ചെയ്യുകയാണെങ്കിലും അഹ്‌വാലുൽ മദനിയിൽ നിന്ന് ലഭിക്കുന്ന മരണ സർട്ടിഫിക്കറ്റ് പരിഭാഷപ്പെടുത്തി എംബസിയിലോ കോൺസുലേറ്റിലോ നൽകണം. അവിടെ നിന്ന് ഡെത്ത് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത് നാട്ടിലെ ബന്ധുക്കൾക്ക് കലക്ടറേറ്റ് വഴി അയച്ചു കൊടുക്കും. അടുത്ത ബന്ധുക്കൾ സൗദിയിൽ ഉണ്ടെങ്കിൽ മാത്രമേ അവരുടെ കയ്യിൽ ഡെത്ത് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
മരിച്ച വ്യക്തിയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും എംബസിയുടെയോ കോൺസുലേറ്റിന്റെയോ പേരിൽ ചെക്കെഴുതി ലേബർ ഓഫീസിലാണ് സ്‌പോൺസറോ കമ്പനിയോ നൽകേണ്ടത്. ലേബർ ഓഫീസ് ഇത് എംബസിയിലേക്ക് അയക്കുകയും എംബസി നാട്ടിലെ കലക്ടറേറ്റ് വഴി അനന്തരാവകാശികൾക്കെത്തിച്ചു കൊടുക്കുകയുമാണ് പതിവ്. മൃതദേഹത്തിന്റെ എംബാമിംഗ് ചാർജും ടിക്കറ്റ് ചാർജും ഹെൽത്ത് ഇൻഷുറൻസിൽ ക്ലൈയിം ചെയ്യാൻ മരിച്ചയാളുടെ സ്‌പോൺസർക്കും കമ്പനിക്കും അർഹതയുണ്ട്. 
ദമാം, ജിദ്ദ, മക്ക, മദീന, റിയാദ് എന്നിവിടങ്ങളിലൊഴികെ ഉൾനാടൻ പ്രദേശങ്ങളിൽ ചില അവസരങ്ങളിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സ്‌പോൺസർ ഹാജറാക്കണമെന്ന് പോലീസ് ആവശ്യപ്പെടാറുണ്ടെന്ന് എംബസി അറിയിച്ചു. 
മരണം നടന്ന പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് ഖബറടക്കത്തിന് കൊണ്ടുപോകാൻ രണ്ട് പ്രവിശ്യയിലെയും ഗവർണറേറ്റിന്റെ അനുമതി അനിവാര്യമാണ്. നേരത്തെ മക്കയിലേക്കും മദീനയിലേക്കും മൃതദേഹം കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നുവെങ്കിലും അപേക്ഷകൾ കൂടിയത് കാരണം ഇപ്പോൾ സൗദി അധികൃതർ സമ്മതിക്കാറില്ല. 
നാട്ടിൽ നിന്ന് ബന്ധുക്കളുടെ പവർ ഓഫ് അറ്റോർണി ലഭിക്കാൻ കാലതാമസമെടുക്കുന്നതാണ് പലപ്പോഴും മൃതദേഹങ്ങൾ ഖബറടക്കാനും നാട്ടിൽ കൊണ്ടുപോകാനും വൈകുന്നത്. അപകട മരണത്തിന് ആക്‌സിഡന്റ് റിപ്പോർട്ടും കൊലപാതകമാണെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിച്ചാലേ മറ്റു നടപടികളിലേക്ക് പ്രവേശിക്കാനാവൂ. കുടുംബം പോസ്റ്റ്‌മോർട്ടം ആവശ്യമില്ലെന്ന് അറിയിച്ചാലും ദുരൂഹ മരണങ്ങളിൽ പോലീസ് പോസ്റ്റ്‌മോർട്ടത്തിന് ശുപാർശ ചെയ്യാറുണ്ട്. സൗദിയിൽ ഖബറടക്കുന്നതിന് ഒരു ദിവസവും നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് രണ്ടു ദിവസവുമാണ് രേഖകളെല്ലാം ശരിയായാൽ ആവശ്യമുള്ളത്. കൊലപാതകത്തിനും ആത്മഹത്യക്കും ദുരൂഹ മരണത്തിനും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നത് വരെ കാലതാമസമെടുക്കും. 
മൃതദേഹം നാട്ടിലെത്തിക്കാൻ ഫൈനൽ എക്‌സിറ്റ് ആവശ്യമാണ്. അബ്ശിർ വഴിയോ മുഖീം വഴിയോ ഉള്ള ഫൈനൽ എക്‌സിറ്റ് മാത്രം മതിയാവില്ലെന്നും പോലീസിൽ നിന്ന് ലഭിക്കുന്ന രേഖകളുമായോ ഡെത്ത് സർട്ടിഫിക്കറ്റുമായോ ജവാസാത്തിൽ നേരിട്ടെത്തി ഫൈനൽ എക്‌സിറ്റ് നേടേണ്ടതുണ്ടെന്നും ജവാസാത്ത് അറിയിച്ചു. 

Latest News