Sorry, you need to enable JavaScript to visit this website.

വരുന്നു 'ഫൈവ് ഡേ വീക്ക്'; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനി അവധിയാകും

തിരുവനന്തപുരം- സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ച കൂടി അവധി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയിലുണ്ടായിരുന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 'ഫൈവ് ഡേ വീക്ക്' എന്ന ആശയം സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ട് ഭരണപരിഷ്‌കാര വകുപ്പും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയും പരിശോധിച്ച് ഭേദഗതി വരുത്തിയിരുന്നു.
ശനിയാഴ്ച കൂടി അവധി ലഭ്യമായാല്‍ വര്‍ഷത്തില്‍ 12 അവധി ഒരു സര്‍ക്കാര്‍ ജീവനക്കാരന് ലഭ്യമാകുമെങ്കിലും പൊതു അവധി, പ്രത്യേക അവധി, നിയന്ത്രിത അവധി എന്നിവയുടെ എണ്ണത്തില്‍ കുറവുണ്ടാകും. ഇതിനൊപ്പം ഡ്യൂട്ടി സമയത്തിനും കാര്യമായ മാറ്റം സംഭവിക്കും. ഡ്യൂട്ടി സമയം ഒന്നരമണിക്കൂറായി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം ഭരണപരിഷ്‌കാര കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്. നിലവിലെ ഡ്യൂട്ടി സമയമായ 7 മണിക്കൂറിനൊപ്പം അര മണിക്കൂര്‍ അല്ലെങ്കില്‍ ഒരു മണിക്കൂര്‍ വര്‍ധിക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിലവിലെ പ്രവര്‍ത്തിസമയം രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ്. ഈ സമയക്രമത്തില്‍ മാറ്റം വരുത്തി രാവിലെ 9 മുതല്‍ വൈകിട്ട് 5.30വരെ പ്രവര്‍ത്തി സമയം ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. സെക്രട്ടേറിയറ്റില്‍ 10.15 മുതല്‍ വൈകിട്ട് 5.15വരെയാകും പ്രവര്‍ത്തന സമയം. ഉച്ചഭക്ഷണ സമയം ഒരു മണിക്കും രണ്ടു മണിക്കും ഇടയില്‍ തന്നെയാകും. എന്നാല്‍ അരമണിക്കൂര്‍ മാത്രമാകും ഉച്ചഭക്ഷണത്തിനായി അനുവദിക്കുക.
ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്‍കുന്നതിലൂടെ ജീവനക്കാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ കഴിയുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. അതേസമയം, റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വ്യാപകമായ എതിര്‍പ്പ് ഉയരാനുള്ള സാധ്യത തള്ളിക്കളായാനികില്ല. ജനങ്ങളുടെ ഭാഗത്ത് നിന്നും ജീവനക്കാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവനക്കാരുടെ സംഘടനകളുമായും ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണ്.
 

Latest News