ദോഹ- ഖത്തര്‍ ജനസംഖ്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട് . പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അഥോറി റ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 മെയ് മാസം ഖത്തര്‍ ജനസംഖ്യ 2.81 മില്യണ്‍ ആയിരുന്നത് 2021 മെയ് മാസം 2.63 മില്യണ്‍ ആയി കുറഞ്ഞിരിക്കുന്നു.
2021 മെയ് 31 ന്റെ കണക്കനുസരിച്ച് രാജ്യത്തിനകത്തുളള മൊത്തം സ്വദേശികളുടേയും വിദേശികളുടേയും കണക്കാണിത്. രാജ്യത്തിന് പുറത്തുള്ള സ്വദേശികളും വിദേശികളും ഈ കണക്കില്‍ പെടുന്നില്ല.
കോവിഡ് കാരണം പലരും നാടുകളില്‍ കുടുങ്ങിയതും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയതുമൊക്കെ ഇതില്‍പ്പെടാം. ഖത്തര്‍ വിട്ടുപോകുന്ന തൊഴിലാളികളുടെ വിസ കാന്‍സല്‍ ചെയ്താല്‍ മാത്രമേ അവരുടെ വിശദാംശം റിപ്പോര്‍ട്ടില്‍ നിന്നും നീങ്ങുകയുള്ളൂ.
2021 മെയ് മാസത്തില്‍ 1940 ജനനവും 273 മരണവും റിപ്പോര്‍ട്ട് ചെയ്തു. 311 വിവാഹങ്ങളും 97 വിവാഹ മോചനങ്ങളുമാണ് ഈ കാലയളവില്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ നിന്നും 14710 പേര്‍ക്ക് ഏകദേശം 81 മല്യണ്‍ റിയാലിന്റെ സഹായമാണ് മെയ് മാസം ലഭിച്ചത്. റിപ്പോര്‍ട്ട് കാലയളവില്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വമ്പിച്ച കുതിച്ചുചാട്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.