അറബ് - മുസ്‌ലിം രാജ്യങ്ങളെ എപ്പോഴും സംഘർഷങ്ങൾ നടക്കുന്ന പ്രദേശമായി നിലനിർത്തുന്നതിനു പിന്നിൽ വലിയ താൽപര്യങ്ങളുണ്ട്. ഏറ്റവും വലിയ നാഗരികതകളും ശക്തമായ വൈജ്ഞാനിക മുന്നേറ്റങ്ങളും നടന്ന പ്രദേശങ്ങളാണ് ഇവയിൽ പലതും. മുസ്‌ലിം രാജ്യങ്ങളുടെ സമ്പത്തിന്റെയും സമയത്തിന്റെയും വലിയൊരു ഭാഗം ഈ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പാഴാവുകയാണ്. ഈ സ്ഥിതി മാറരുത് എന്ന താൽപര്യക്കാരാണ് ഈ സംഘർഷങ്ങളെ ആളിക്കത്തിക്കുന്നത്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമാക്കാനുള്ള തീരുമാനം. ഐക്യരാഷ്ട്ര സഭക്ക് നൽകുന്ന സഹായം അവസാനിപ്പിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി.
ചെറുതാണെങ്കിലും ഫലസ്തീൻ വിഷയത്തിൽ യു.എൻ സ്വീകരിക്കുന്ന നിലപാടാണ് ഏക ആശ്വാസം. ഈ സാഹചര്യത്തിൽ ഫലസ്തീനും യു.എന്നിനുമുള്ള സാമ്പത്തിക സഹായം വർധിപ്പിക്കാൻ സമ്പന്ന മുസ്‌ലിം രാഷ്ട്രങ്ങൾ തയ്യാറാകണം.
ലോകത്ത് ഏറ്റവും കൂടുതൽ മുസ്‌ലിംകൾ താമസിക്കുന്ന പ്രദേശം എന്ന നിലയിൽ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരുടെ ശക്തമായ ഒരു കൂട്ടായ്മ മർകസിന്റെ മുൻകൈയിൽ രൂപീകരിച്ച കാര്യവും നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കട്ടെ. മുസ്‌ലിം ലോകം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ലോകത്തെ ഏറ്റവും വലിയ മുസ്ലിം സമൂഹത്തിന്റെ ശബ്ദം അന്താരാഷ്ട്ര വേദികളിൽ എത്തിക്കുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
മുസ്‌ലിംകളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾക്ക് അരങ്ങൊരുക്കുന്നതിന്റെ തുടക്കമാണ് മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ നടക്കുന്നതെന്ന് വേണം സംശയിക്കാൻ. മറ്റു മതങ്ങളുടെ കാര്യത്തിലെല്ലാം സിവിൽ നിയമത്തിന്റെ പരിധിയിലുള്ള വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങൾ, മുസ്‌ലിംകൾക്ക് മാത്രം എന്തുകൊണ്ടാണ് ക്രിമിനൽ നിയമത്തിന്റെ ഭാഗമാകുന്നത്? മുസ്‌ലിം ആചാരാനുഷ്ഠാനങ്ങളെ ക്രിമിനൽവത്കരിക്കാനാണോ ഇതിലൂടെ ശ്രമിക്കുന്നത്? ഭരണഘടനയുടെ അന്തഃസത്തയെ തന്നെയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. മുത്തലാഖ് വിഷയത്തിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. എല്ലാവരെയും ബാധിക്കാൻ പോകുന്ന പ്രശ്‌നങ്ങളുടെ തുടക്കമാണ്.
മുസ്‌ലിംകളെ അവരുടെ ശത്രുക്കളുടെ കയ്യിലെ കളിപ്പാവകളായി എറിഞ്ഞുകൊടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നത് മത പരിഷ്‌കരണവാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവരാണ്. സമുദായത്തെ പരിഷ്‌കരിക്കലല്ല, മറിച്ച് ശത്രുക്കൾക്ക് ആയുധവും ആൾബലവും നൽകലാണ് ഇക്കൂട്ടരുടെ പ്രധാന തൊഴിൽ. രാജ്യം നേരിടുന്ന ജീവന്മരണ പ്രശ്‌നങ്ങളിൽ നിന്ന് പൗരന്മാരുടെ ശ്രദ്ധ തെറ്റിക്കുന്നതിനുള്ള ഉപായം മാത്രമാണ് ഇവർക്ക് പുരോഗമന വാദം. അതുകൊണ്ടു തന്നെ അതാത് കാലത്തെ ഭരണകൂടങ്ങളുടെ ഉപകരണങ്ങളാണ് ഈ പരിഷ്‌കരണ വാദികൾ. ഓരോ മേഖലയിലെയും വിദഗ്ധരാണ് അതാതു മേഖലകളെക്കുറിച്ച് തീരുമാനങ്ങൾ പറയേണ്ടത്. അതുകൊണ്ട് മതത്തെക്കുറിച്ച് തീരുമാനങ്ങൾ പറയേണ്ടത് മതം പഠിക്കുകയും അത് പിന്തുടരുകയും ചെയ്യുന്ന പണ്ഡിതന്മാരാണ്. രാജ്യത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നാഗ്രഹിക്കുന്നവർ അവർക്ക് മാന്യമായി ജീവിക്കാനും അറിവ് നേടാനും തൊഴിലെടുക്കാനുമുള്ള അവസരം ഒരുക്കിക്കൊടുക്കണം.
സുന്നികൾക്കിടയിലെ ഐക്യത്തിനും അവരുടെ അഭിമാനം ഉയർത്തുന്ന പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ എല്ലാ വിധ പിന്തുണയും ഉണ്ടാകും. പക്ഷേ, മുസ്‌ലിം ഐക്യത്തെക്കുറിച്ചുള്ള ബാലിശമായ ആഗ്രഹങ്ങളും കാഴ്ചപ്പാടുകളുമാണ് ഇവിടെ പലർക്കുമുള്ളത് എന്നത് ഖേദകരമാണ്. രാഷ്ട്രീയ പ്രതിസന്ധികളെയും തിരിച്ചടികളെയും മറികടക്കാനുള്ള കുറുക്കു വഴി എന്ന നിലയിലാണ് മുസ്‌ലിം ഐക്യത്തെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങുന്നതു തന്നെ. വിശ്വാസി സമൂഹം എന്ന മുൻഗണന ഇല്ലാത്ത ഒരൈക്യവും നിലനിൽക്കില്ല. മുസ്‌ലിം ഐക്യ ശ്രമങ്ങൾ പരിഹാസ്യമായിത്തീരുന്നതിന്റെ കാരണവും ഇതാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളെ സാമുദായികവൽക്കരിച്ച് രക്ഷപ്പെടാമെന്നാരും കരുതേണ്ട. അനൈക്യത്തിന് മതപണ്ഡിതന്മാരെ കുറ്റപ്പെടുത്തുന്നവർ എന്തുകൊണ്ടാണ് മുസ്‌ലിം രാഷ്ട്രീയ സംഘടനകളുടെ ഐക്യത്തിന് മുതിരാത്തത്?
മർകസ് സമ്മേളനം ചില രാഷ്ട്രീയക്കാർ ബഹിഷ്‌കരിച്ചു എന്നൊരു വാർത്ത കേട്ടു. മർകസ് സമ്മേളനം രാഷ്ട്രീയക്കാരുടെ സമ്മേളനമാണ് എന്ന് തെറ്റിദ്ധരിച്ചവരായിരിക്കണം അവർ. പര്യവേക്ഷണം വൈജ്ഞാനിക മികവിന് എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട വിജ്ഞാന സമ്മേളനമാണിത്. ഇവിടെ കഴിഞ്ഞ പത്ത് ദിവസത്തോളമായി സമ്മേളനം നടക്കുന്നു. വിവിധ വിഷയങ്ങളിലെ വിദഗ്ധരാണ് ഓരോ സെഷനിലും പങ്കെടുത്തത്. ഏകദേശം അമ്പതിലധികം വിഷയങ്ങളിൽ ഇവിടെ ചർച്ചകൾ നടന്നു. ലോകത്തെ 22 രാജ്യങ്ങളിലെ 120 വിദേശ പ്രതിനിധികൾ പങ്കെടുത്തു. പലരും ലോകത്തെ തലയെടുപ്പുള്ള പണ്ഡിതന്മാർ. ആത്മീയ സമ്മേളനമാണ് ഇവിടുത്തെ മുഖ്യമായ പരിപാടി. വലിയ ആത്മീയ നേതാക്കളും സൂഫി വര്യന്മാരുമാണ് അതിലൊക്കെ പങ്കെടുത്തത്.
ഈ സ്ഥാപനത്തിന് ശിലാസ്ഥാപനം നിർവഹിച്ചത് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പണ്ഡിതന്മാരിൽ ഒരാളായ മുഹമ്മദ് അലവി അൽ മാലിക്കി എന്ന മഹാനാണ്. ഈ സ്ഥാപനത്തിന് സ്ഥലം കാണിച്ചു തന്നത് സി എം വലിയുല്ലാഹിയാണ്. ഇതിനു തുടക്കം കുറിച്ചത് അവേലത്ത് തങ്ങളും ഇ.കെ ഹസ്സൻ മുസ്‌ലിയാരും ഞാനും ചേർന്നാണ്. മതപണ്ഡിതന്മാരും വിദ്യാർഥികളുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാനപ്പെട്ട നടത്തിപ്പുകാരും ഗുണഭോക്താക്കളും. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരും അനാഥകളുമാണ് ഈ സ്ഥാപനത്തിലെ അന്തേവാസികൾ. അവരുടെ പരലോക വിജയമാണ് ഈ സ്ഥാപനത്തിന്റെ മുഖ്യമായ ലക്ഷ്യം. ഇതൊന്നും ഏതെങ്കിലും രാഷ്ട്രീയക്കാരെ മുന്നിൽക്കണ്ട് തുടങ്ങിയതല്ല.
രാഷ്ട്രീയക്കാർക്ക് ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്താൻ കഴിയും വിധത്തിലുമല്ല ഈ സ്ഥാപനത്തിന്റെയും സംഘടനയുടെയും ഘടന. രാഷ്ട്രീയക്കാരുടെ പിടിയിൽ നിന്ന് ഈ സമുദായത്തെ മോചിപ്പിക്കാൻ വേണ്ടി ആരംഭിച്ച ഒരു സ്ഥാപനമാണിത്. ഇവരൊക്കെ മനസ്സിലാക്കുന്നതിനും അപ്പുറത്തുള്ള രാഷ്ട്രീയമാണ് മർകസ് മുന്നോട്ടു വെക്കുന്നത്. ആ രാഷ്ട്രീയം മനസ്സിലാക്കാൻ അല്ലാഹുവുമായും പ്രവാചകനുമായും ഇസ്ലാമിക വിജ്ഞാനവുമായും ബന്ധമുള്ളവർക്കേ കഴിയുകയുള്ളൂ. മർകസിൽ വരുന്നവർ അവർക്ക് രാഷ്ട്രീയമായ എന്തെങ്കിലും താൽക്കാലിക നേട്ടം കിട്ടും എന്നതുകൊണ്ട് വരുന്നവരല്ല. അതിനപ്പുറം ഈ പാവപ്പെട്ട മുസ്ലിം സമൂഹവുമായി ഐക്യദാർഢ്യപ്പെടാൻ കഴിയുന്നതുകൊണ്ട് വരുന്നവരാണ്.
മനുഷ്യ ജീവിതം വളരെ സങ്കീർണമായ ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. യുദ്ധങ്ങൾ, സംഘർഷങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, ദാരിദ്ര്യം, പട്ടിണി, കുടിവെള്ള ക്ഷാമം, കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ പ്രതിസന്ധികൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ, കുടുംബ ബന്ധങ്ങളിലെ തകർച്ച, പകർച്ചവ്യാധികൾ, പുതിയ രോഗങ്ങൾ എന്നിങ്ങനെ പേരുള്ളതും ഇല്ലാത്തതുമായ പ്രശ്‌നങ്ങളെയാണ് നാം ഓരോ നിമിഷവും നേരിട്ടുകൊണ്ടിരിക്കുന്നത്. ഇവയെ മറികടക്കാൻ നമ്മുടെ മുന്നിൽ എളുപ്പവഴികൾ ഇല്ല. ഈ പ്രതിസന്ധികളെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? എങ്ങനെയാണ് പരിഹരിക്കേണ്ടത്? മുസ്‌ലിംകൾക്ക് ഇതെല്ലാം അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ദൈവ ഭയത്തിലൂടെ മാത്രമേ ഈ സങ്കീർണമായ ഘട്ടത്തെ നമുക്ക് അതിജയിക്കാൻ കഴിയുകയുള്ളൂ.
നാൽപതാം വാർഷികത്തോടെ മർകസ് അതിന്റെ പ്രവർത്തനത്തിലെ നിർണായകമായ ഒരു ഘട്ടം പിന്നിട്ടിരിക്കുകയാണ്. തുടക്കത്തിൽ മർകസ് ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം പൂർത്തീകരിച്ചു എന്നു മാത്രമല്ല, പുതിയ ഒട്ടനവധി പദ്ധതികൾ പൂർത്തീകരിക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്.
മർകസ് ആരംഭിച്ച സ്ഥാപനങ്ങളിലെ ഗുണനിലവാരം ഉയർത്തുന്നതിലും നോളേജ് സിറ്റിയിലെ പദ്ധതികൾ പൂർത്തീകരിക്കുന്നതിലും ആണ് മർകസിന്റെ അടുത്ത പത്തു വർഷത്തെ പ്രധാന ശ്രദ്ധ. ആരോഗ്യം, നിയമ പഠനം, കൃഷി, എന്നിവക്ക് പുറമെ, ശാസ്ത്ര-സാങ്കേതിക പഠന രംഗത്ത് നൂതനമായ കോഴ്സുകളും സംരംഭങ്ങളും നോളേജ് സിറ്റിയിൽ ആരംഭിക്കും. വിവിധ പഠന മേഖലകളിലെ ഗവേഷണ സംരംഭങ്ങൾക്ക് വേദിയൊരുക്കുകയും ശാസ്ത്ര-സാമൂഹിക ശാസ്ത്ര പഠന രംഗത്തെ പ്രധാനപ്പെട്ട കണ്ടെത്തലുകളെയും പഠനങ്ങളെയും വിദഗ്ധരെയും മലയാളികൾക്ക് പരിചയപ്പെടുത്താൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഗവേഷണ പഠന കേന്ദ്രം ഈ സമ്മേളനത്തോടെ ആരംഭിച്ചു കഴിഞ്ഞു.
റൂബി ജൂബിലിയോടനുബന്ധിച്ചു തുടക്കം കുറിച്ച ക്വീൻസ് ലാന്റിനെ അടുത്ത പത്തു വർഷം കൊണ്ട് ലോകത്തെ ആദ്യത്തെ സമ്പൂർണ വനിതാ ഇസ്ലാമിക് സർവ്വകലാശാലയാക്കി മറ്റും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് അവരുടെ സംസ്ഥാനങ്ങളിൽ വെച്ചു തന്നെ പൂർണ വിദ്യാഭ്യാസം നേടാൻ കഴിയും വിധത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പത്തു മർകസ് കാമ്പസുകളെ അടുത്ത പത്തു വർഷം കൊണ്ട് പൂർണമായും അക്കാദമികമായി സ്വയംപര്യാപ്തമാക്കും.
(മർകസ് റൂബി ജൂബിലി സമാപന സമ്മേളനത്തിൽ നടത്തിയ സനദ്ദാന പ്രഭാഷണം)