റിയാദ്- ഫൈനൽ എക്സിറ്റ് കിട്ടി ആറ് വർഷമായിട്ടും നാട്ടിലെത്താൻ സാധിക്കാതെ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശി അശോകൻ വാസുദേവൻ പ്രവാസി സാംസ്കാരിക വേദി ഈസ്റ്റ് മേഖല യുടെ ഇടപെടൽ മുഖേന നാട്ടിലേക്ക് മടങ്ങി.
ആറ് വർഷം മുമ്പ് ഫൈനൽ എക്സിറ്റ് കിട്ടിയിട്ടും റെന്റൽ കാർ എടുത്തതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകൾ കാരണം നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ വന്നു. അതിനാൽ തന്നെ ഫൈനൽ എക്സിറ്റ് ക്യാൻസൽ ചെയ്തു കൊണ്ട് ഇഖാമ ഇഷ്യൂ ചെയ്യാൻ സാധിച്ചില്ല. സ്പോൺസറും ഇദ്ദേഹത്തെ കയ്യൊഴിഞ്ഞു. ഇതോടെ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥ വന്നു. അങ്ങനെ നീണ്ട ആറ് വർഷം ഇയാൾ റിയാദിൽ പ്രയാസകരമായി ജീവിച്ചു.
ഇത്രയും കാലം വീടിന്റെ ലോൺ അടക്കാൻ സാധിക്കാതെ അവസാനം ബാങ്ക് ജപ്തി നടപടിയിൽ എത്തി. നാട്ടിൽഭാര്യയും രണ്ട് പെണ്മക്കളും ഉള്ള അശോകന് ജപ്തി നടപടികൾക്ക് മുന്നിൽ നിസ്സഹായനായിരുന്നു. വേറെ വാടകക്ക് വീട് എടുക്കാൻ പോലും സാധിക്കാതിരുന്ന ഘട്ടത്തിലാണ് പ്രവാസി സാംസ്‌കാരിക വേദിയുമായി അശോകൻ ബന്ധപ്പെടുന്നത്.
ഉടൻ തന്നെ പ്രവാസി സാംസ്കാരിക വേദി പ്രവർത്തകർ അശോകന്റെ താമസ സ്ഥലത്തെത്തി ആവശ്യമായ ഭക്ഷണ സാധനങ്ങൾ അത് പോലെ റൂമിൽ എസിയും മറ്റും എത്തിച്ചു കൊടുക്കുകയും ചെയ്തു. ആറ് വർഷം മുമ്പുള്ള ഫൈനൽ എക്സിറ്റ് ക്യാൻസൽ ചെയ്യാനുള്ള പിഴ അടക്കുകയും ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തർഹീലിൽനിന്ന് എക്സിറ്റ് നേടിയെടുക്കുകയും ചെയ്തു.
പ്രവാസി സാംസ്കാരിക വേദി ഈസ്റ്റ് മേഖല അശോകന് എയർ ഇന്ത്യ ടിക്കറ്റും അത്യാവശ്യങ്ങൾക്കുള്ള പണവും നൽകി റിയാദ് എയർ പോർട്ടിൽനിന്ന് യാത്രയാക്കി.
നാട്ടിൽ അശോകന്റെ വീട് ജപ്തി നടപടികൾ ഒഴിവാക്കി കിട്ടുന്നതിനായി ബാങ്ക് മാനേജറുമായി സംസാരിച്ചെങ്കിലും പ്രതീക്ഷക്ക് വകയില്ലെന്ന് ബോധ്യമായതിനാൽ നിയമ വിദഗ്ധരുമായി ബന്ധപെടുകയും അതിന്റെ അടിസ്ഥാനത്തിൽ വക്കീലിനെ ഏർപ്പെടുത്തുകയും കുടിശ്ശിക അടക്കുന്നതിലേക്ക് പ്രവാസി സാംസ്കാരിക വേദി ഈസ്റ്റ് മേഖല ഒരു വിഹിതം നാട്ടിൽ എത്തിക്കുകയും ചെയ്തു.
ഒറ്റപ്പെട്ട് ആരും സഹായിക്കാനില്ലാതിരുന്ന സാഹചര്യത്തിൽ കൂടെനിന്ന പ്രവാസി സാംസ്കാരിക വേദി പ്രവർത്തകരോടുo മേഖല പ്രസിഡൻ്റ് അഡ്വക്കേറ്റ്. റെജി, ബഷീർ പാണക്കാട് എന്നിവരോടും നന്ദി പറഞ്ഞാണ് അശോകൻ നാട്ടിലേക്ക് മടങ്ങിയത്.