കോഴിക്കോട്- 40 ലക്ഷം രൂപ കോഴ വാങ്ങി പി.എസ്.സി അംഗത്വം പാര്‍ട്ടി വിറ്റുവെന്ന ആരോപണത്തില്‍ മറുപടിയുമായി ഐ.എന്‍.എല്‍. ആരോപണം വ്യാജമെന്നും ഇങ്ങനെ ഒരു സംഭവം പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ് പറഞ്ഞു.
പി.എസ്.സി. പോലെ ഒരു ഭരണഘടന സ്ഥാപനത്തെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ഇങ്ങനെ ഒരു നിലപാട് ഇല്ലെന്നും ഇത് സംബന്ധിച്ച് ഒരു ആവശ്യമോ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. ഒരു പാര്‍ട്ടി വേദിയിലും അങ്ങനെ ഒരു വിഷയം ചര്‍ച്ചക്ക് വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.എന്‍.എല്ലില്‍ പിളര്‍പ്പിനുള്ള സാധ്യത എ.പി. അബ്ദുള്‍ വഹാബ് തള്ളക്കളഞ്ഞില്ല. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് പുനരുജ്ജീവിപ്പിക്കാന്‍ വിമതര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായമുള്ള ഒരു പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസവുമുണ്ടാകും. പാര്‍ട്ടിക്കുള്ളില്‍ നല്ല അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അപ്രമാദിത്വമുള്ള ഒരു നേതൃത്വം എന്ന കാഴ്ചപ്പാട് പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം പറഞ്ഞു.