Sorry, you need to enable JavaScript to visit this website.

സൗദിയില്‍ നിയമലംഘകരെ സഹായിച്ച 745 വിദേശികള്‍ പിടിയില്‍

റിയാദ് - ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങള്‍ നല്‍കിയ 745 വിദേശികളെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ നടത്തിയ റെയ്ഡുകളിലും പരിശോധനകളിലുമാണ് അനധികൃത താമസക്കാരെ സഹായിച്ച കുറ്റത്തിന് 745 വിദേശികളെ സുരക്ഷാ വകുപ്പുകള്‍ പിടികൂടിയത്. ഇതേ കുറ്റത്തിന് 122 സൗദികളെയും സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇക്കൂട്ടത്തില്‍ 93 പേരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് വിട്ടയച്ചു. 29 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണ്. 
നവംബര്‍ 15 മുതല്‍ കഴിഞ്ഞ ശനിയാഴ്ച വരെയുള്ള കാലത്ത് ആകെ 3,61,370 ഇഖാമ, തൊഴില്‍ നിയമലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ 2,17,797 പേര്‍ ഇഖാമ നിയമ ലംഘകരും 1,02,708 പേര്‍ തൊഴില്‍ നിയമലംഘകരും 40,865 പേര്‍ നുഴഞ്ഞുകയറ്റക്കാരുമാണ്. ഇക്കാലയളവില്‍ അനധികൃത രീതിയില്‍ അതിര്‍ത്തി വഴി സൗദിയില്‍നിന്ന് വിദേശത്തേക്ക് കടക്കുന്നതിന് ശ്രമിച്ച 262 പേരും സൗദിയിലേക്ക് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 4,758 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നുഴഞ്ഞുകയറ്റക്കാരില്‍ 76 ശതമാനം പേര്‍ യെമനികളും ഇരുപത്തിരണ്ടു ശതമാനം പേര്‍ എത്യോപ്യക്കാരും അവശേഷിക്കുന്നവര്‍ മറ്റു രാജ്യക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരില്‍ 4,741 പേരെ നാടുകടത്തി. 
2,528 വനിതകളും 12,340 പുരുഷന്മാരും അടക്കം 14,868 നിയമലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. 57,440 നിയമലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകള്‍ക്ക് 49,190 പേരെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറി. നാടുകടത്തുന്നതിന് മുന്നോടിയായി 58,076 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്. 78,135 ഇഖാമ, തൊഴില്‍ നിയമലംഘകരെ ഇതിനകം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

Latest News