മണ്ണാര്‍ക്കാട്- എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവയുടെ ആക്രമണം, റബ്ബര്‍ ടാപ്പിംഗിന് പോയ യുവാവിന് പരിക്കേറ്റു. എടത്തനാട്ടുകര കിളയപ്പാടം വെള്ളോങ്ങര ഹുസൈന്‍(34)നാണ് പരിക്കേറ്റത്. എന്‍.എസ്.എസ് എസ്റ്റേറ്റിന് സമീപത്തെ സ്വകാര്യ തോട്ടത്തില്‍ ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ഹുസൈന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി ബഹളം വെച്ചപ്പോഴാണ് കടുവ പിന്‍വാങ്ങിയത്. തോളിലും മുതുകിലും മുറിവേറ്റ നിലയില്‍ യുവാവിനെ വട്ടമ്പലത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോളില്‍ വന്യമൃഗത്തിന്റെ നഖമേറ്റുണ്ടായ മുറി ആഴമേറിയതാണ്. മാസങ്ങളായി പിലാച്ചോല, കോട്ടമല ഭാഗങ്ങളില്‍ കടുവയുടെ ശല്യമുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കെതിരായ ആക്രമണവും പതിവാണ്. കഴിഞ്ഞ മാസം കാണാതായ ഒരു പശുവിന്റെ അവശിഷ്ടങ്ങള്‍ വന്യമൃഗം ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നിലെല്ലെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വനംവകുപ്പ് മന്ത്രി എ.െക.ശശീന്ദ്രന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേനയെ സ്ഥലത്ത് വിന്യസിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.