Sorry, you need to enable JavaScript to visit this website.

തിരുവഞ്ചൂരിന് കിട്ടിയ ഭീഷണിക്കത്തിന് പിന്നിൽ  കോൺഗ്രസ് രാഷ്ട്രീയമില്ല -ഉമ്മൻ ചാണ്ടി

കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണനെതിരായ വധഭീഷണി സന്ദേശവും കോൺഗ്രസിലെ പദവി രാഷ്ട്രീയവുമായി ബന്ധമുണ്ടെന്നു കരുതുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിവാദം തിരുവഞ്ചൂരിനെ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കൺവീനർ പദം തീരുമാനിക്കുന്നത് താനല്ല പാർട്ടിയാണ്. തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിപദത്തിൽനിന്നും മാറ്റിയത് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അട്ടിമറിക്കുന്നതിനായിരുന്നെന്ന വാദത്തിൽ തെല്ലും കഴമ്പില്ല. കെ.പി.സി.സി പ്രസിഡന്റിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയപ്പോഴാണ് അതു ചെയ്തത്. സംഘടനാതലത്തിലുള്ള നടപടിയുടെ തുടർച്ചയായിരുന്നു അത്. തിരുവഞ്ചൂരിന് മന്ത്രിസഭാ വികസനത്തോടെ കൂടുതൽ വകുപ്പുകൾ ലഭിക്കുകയാണ് ചെയ്തത്.

സംസ്ഥാനത്തിന്റെ ക്രമസമാധാനം അപകടകരമായ നിലയിലാണ്. സ്വർണക്കടത്ത്, ക്വട്ടേഷൻ അടക്കമുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഇപ്പോഴെങ്കിലും സർക്കാർ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. കേരളത്തിന്റെ പുറത്ത് പോകുന്ന മലയാളികൾക്ക് നാടിനെക്കുറിച്ചുണ്ടായിരുന്ന മതിപ്പ് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങൾക്ക് സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ടു. ക്രമസമാധാന രംഗം പ്രതിസന്ധിയിലാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനു ലഭിച്ച വധഭീഷണിക്കത്ത് സംബന്ധിച്ച് യഥാർഥ പ്രതികളെ കണ്ടെത്താൻ സർക്കാർ നടപടി സ്വീകരിക്കണം. സി.പി.എം സംസ്ഥാനസെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നത് കാര്യങ്ങളെ എത്ര ലാഘവത്തോടെയാണ് സർക്കാർ കാണുന്നത് എന്ന് വ്യക്തമാക്കുന്നതാണ്.

കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെക്കുന്നത് വേദനാജനകവും നിർഭാഗ്യകരവുമാണ്. ഇതുകൊണ്ട് ആർക്കും ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് കിട്ടുന്ന സാമ്പത്തിക സഹായം നഷ്ടപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഉമ്മൻചാണ്ടി. കോവിഡ് നെഗറ്റീവ് ആയ ശേഷം അതുമായി ബന്ധപ്പെട്ടാണ് മരണങ്ങൾ സംഭവിക്കുന്നത്. മരണസംഖ്യകുറച്ച് കാണിച്ച് സർക്കാർ മേനിനടിക്കുന്നതിനായി നോക്കുമ്പോൾ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ കഴിയുന്നില്ല. ഇതിനെതിരെ സുപ്രീം കോടതി ഗൗരവമായി തന്നെയാണ് പറഞ്ഞിരിക്കുന്നത്. പ്രോട്ടോക്കാൾ ഇവിടെ നിശ്ചയിച്ചത് സർക്കാർ തന്നെയാണ് ഉദ്യോഗസ്ഥരല്ല. ഉദ്യോഗസ്ഥരെ പഴിചാരാനും കഴിയില്ല. ഇക്കാര്യത്തിൽ സംഭവിച്ച തെറ്റുകൾ തിരുത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

പെട്രോൾ ഡീസൽ വിലയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ പകൽക്കൊള്ളയാണ് നടത്തുന്നത്. കേന്ദ്രസർക്കാർ വർധിപ്പിച്ച ടാക്സിന്റെ അധിക വരുമാനം ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാരും തയാറാകുന്നില്ല. യു.ഡി.എഫ് ഭരണകാലത്ത് നാലു പ്രാവശ്യം നികുതി വരുമാനം ഉപേക്ഷിച്ചതിലൂടെ 618 കോടി രൂപയാണ് സർക്കാർ നഷ്ടം സഹിച്ചത്. ഇന്ധവില വർധനവിനെതിരെ ഒരു വശത്ത് സമരവും മറുവശത്ത് എതിർത്ത നികുതിയുടെ വരുമാനം ഉപേക്ഷിക്കാതിരിക്കുകയുമാണ് സംസ്ഥാന സർക്കാർ നിലപാട്. കോവിഡ് സാഹചര്യം മുൻനിർത്തി എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽനിന്നു സർക്കാർ തിരിച്ചെടുത്ത നാലുകോടി രൂപ അതാത് നിയോജകമണ്ഡലത്തിലെ ആരോഗ്യരംഗത്തെ കോവിഡ് നേരിടുന്നതിന് വേണ്ടി മാത്രം ചെലവഴിക്കണം.

ഇതിൽ 25 ലക്ഷം രൂപ ഓൺലൈൻ പഠന സൗകര്യമില്ലാത്തകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നതിന് ചെലവഴിക്കണം. മുഴുവൻ നിയോജകമണ്ഡലങ്ങളിലും ഈ രീതിയിൽ മൊബൈൽ ഫോൺ വിതരണം ചെയ്യാൻ 35 കോടി രൂപ മാത്രമേ ചെലവ് വരികയുള്ളൂ. ഇതടക്കമുള്ള കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ 20 ശതമാനം കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ അധികൃതർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സർക്കാർ തന്നെ മുൻകൈയ്യെടുത്ത് സ്മാർട്ട് ഫോണുകൾ വാങ്ങി നൽകണം. എം.എൽ.എ ഫണ്ടിൽ നിന്ന് പിടിച്ച തുക അതാത് മണ്ഡലങ്ങളിൽ തന്നെ വിനിയോഗിച്ചാൽ എം.എൽ.എമാരുടെ ആവശ്യവും സർക്കാരിന്റെ ലക്ഷ്യവും നടക്കുമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി.

Latest News