കാസർകോട്- മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം നടത്തിയത് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ റെയ്ഡിൽ പിടികൂടി. കുമ്പള സെക്ഷൻ പരിധിയിലെ അബ്ദുറഹ്മാന്റെ വീട്ടിൽ നിന്നാണ് വൈദ്യുതി മോഷണം പിടികൂടിയത്. നാല് വർഷത്തോളമായി വീട്ടുകാർ മീറ്ററിൽ കൃതിമം കാണിച്ച് വൈദ്യുതി ചോർത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം.
വ്യാഴാഴ്ച രാത്രി 10 മണിയോടെ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് വീട്ടുകാരുടെ കള്ളത്തരം വെളിച്ചത്തായത്. മീറ്ററിൽ കൃതിമം കാണിക്കാൻ വേറെ ആരോ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. അബ്ദുറഹ്മാൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇരുനില വീട്ടിൽ എ.സി, ഫിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ മുഴുവൻ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പ്രവർത്തിക്കുന്നുണ്ട്. വീട്ടുകാർക്കെതിരെ വൈദ്യുതി അധികൃതർ 3.34 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
എന്നാൽ പിഴ അടയ്ക്കാൻ ഇവർ തയാറാവാത്തതിനാൽ കുമ്പള പോലീസിൽ അധികൃതർ പരാതി നൽകിയിട്ടുണ്ട്. തവണ വ്യവസ്ഥയിൽ പിഴ അടക്കാം എന്നാണ് വീട്ടുകാർ പറയുന്നത്. വൈദ്യുതി വിജിലൻസ് വിഭാഗം അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് രാത്രിയിൽ മിന്നൽ പരിശോധന നടന്നത്.