Sorry, you need to enable JavaScript to visit this website.

മുന്തിരി ഉൽപാദന മേഖലയിൽ വിജയഗാഥ രചിച്ച് തബൂക്ക്

തബൂക്കിലെ മുന്തിരി തോട്ടങ്ങൾ. 
തബൂക്കിലെ മുന്തിരി തോട്ടങ്ങൾ. 
മുന്തിരി പേക്ക് ചെയ്യുന്ന ജീവനക്കാരി.

തബൂക്ക്- മുന്തിരി ഉൽപാദന മേഖലയിൽ വിജയഗാഥ രചിക്കുകയാണ് ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യ. സൗദിയിൽ ഏറ്റവും കൂടുതൽ മുന്തിരി ഉൽപാദിപ്പിക്കുന്നത് തബൂക്കിലാണ്. പ്രതിവർഷം 43,750 ടണ്ണിലേറെ മുന്തിരി തബൂക്ക് പ്രവിശ്യയിലെ മുന്തിരി തോട്ടങ്ങളിൽ ഉൽപാദിപ്പിക്കുന്നുണ്ട്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം തബൂക്ക് പ്രവിശ്യയിൽ 15,80,575 മുന്തിരി വള്ളികളുണ്ട്.  

സമീപത്തെ പ്രവിശ്യകളിലെ കർഷകർ മുന്തിരി കൃഷി മേഖലയിൽ നേരത്തെ നടത്തിയ പരീക്ഷണങ്ങൾ പിന്തുടർന്നാണ് തബൂക്കിൽ മുന്തിരി കൃഷി ആരംഭിച്ചത്. ആധുനിക കൃഷിയുടെയും ജലസേചനത്തിന്റെയും ഉത്തമ രീതികളിലേക്ക് കർഷകരെ നയിക്കാൻ മന്ത്രാലയം നടത്തിയ ശ്രമങ്ങളും കാർഷിക ഉൽപന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംരക്ഷിക്കാൻ കീടനാശിനികളും രാസവളങ്ങളും ശരിയായ ശാസ്ത്രീയ രീതികളിൽ ഉപയോഗിക്കണമെന്ന മന്ത്രാലയത്തിന്റെ പ്രേരണയും പ്രവിശ്യയിൽ മുന്തിരി കൃഷി വ്യാപനത്തിന് സഹായകമായി. കൃഷിക്കാർക്ക് വൈദഗ്ധ്യവും പരിചയസമ്പത്തും കൈമാറാൻ സഹായകമെന്നോണം പരിശീലന കോഴ്‌സുകളും ശിൽപശാലകളും സെമിനാറുകളും പ്രഭാഷണങ്ങളും മന്ത്രാലയം മുൻകൈയെടുത്ത് സംഘടിപ്പിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി മറ്റു പ്രവിശ്യകളിലേക്ക് മുന്തിരി കയറ്റി അയക്കുന്ന പ്രവിശ്യയായി തബൂക്ക് മാറി. 

കുരുവുള്ളതും കുരു ഇല്ലാത്തതുമായ വ്യത്യസ്ത ഇനം മുന്തിരികൾ തബൂക്കിൽ ഉൽപാദിപ്പിക്കുന്നുണ്ടെന്ന് തബൂക്ക് അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ് കമ്പനിയിൽ മുന്തിരി ഉൽപാദന വിഭാഗം മേധാവി എൻജിനീയർ റമദാൻ ഇസ്മായിൽ പറഞ്ഞു. തങ്ങളുടെ കമ്പനി പ്രതിവർഷം 5,000 ടൺ മുന്തിരി ഉൽപാദിപ്പിക്കുന്നു. 

കമ്പനിക്കു കീഴിൽ 4,90,000 മുന്തിരി വള്ളികളുണ്ടെന്നും എൻജിനീയർ റമദാൻ ഇസ്മായിൽ പറഞ്ഞു. 
അനുയോജ്യമായ കാലാവസ്ഥയും മണ്ണും വെള്ളവും തബൂക്കിൽ മികച്ച മുന്തിരി വിളവിന് സഹായിക്കുന്നു. ജലസേചനം നിയന്ത്രിക്കാൻ എൻവിറോസ്‌കാൻ സംവിധാനം, ഉയർന്ന കാര്യക്ഷമതയോടെ കീടനാശിനി ഉപയോഗം കുറക്കാൻ സഹായിക്കുന്ന ഇലക്‌ട്രോസ്റ്റാറ്റിക് സംവിധാനത്തിലുള്ള കീടനാശിനി സ്േ്രപ ഉപകരണങ്ങൾ, ഉപ്പ് അടിഞ്ഞുകൂടുന്നതിൽ നിന്ന് മുന്തിരി വള്ളികളെയും മണ്ണിനെയും സംരക്ഷിക്കുന്ന പി.പി.എം സംവിധാനത്തിലുള്ള ജലസേചന, രാസവള പ്രോഗ്രാം എന്നിവയെല്ലാം പ്രവിശ്യയിൽ വിളയുന്ന മുന്തിരിയുടെ ഗുണമേന്മ ഉയർത്തുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. 

 

 

Latest News