റിയാദ് - മൂന്നു വർഷത്തിനിടെ കാപ്പി കൃഷി മേഖലയിൽ വൻ വളർച്ച കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. മൂന്നു വർഷത്തിനിടെ രണ്ടര ലക്ഷം കാപ്പി ചെടികൾ രാജ്യത്ത് പുതുതായി കൃഷി ചെയ്തു. 2018 മുതൽ 2020 അവസാനം വരെയുള്ള കാലത്താണ് ഇത്രയും കാപ്പി ചെടികൾ കൃഷി ചെയ്തത്. 2017 ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഒന്നര ലക്ഷത്തോളം കാപ്പി ചെടികൾ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷാവസാനത്തോടെ കാപ്പി ചെടികളുടെ എണ്ണം നാലു ലക്ഷമായി ഉയർന്നു. സൗദിയിൽ ജിസാൻ, അസീർ, അൽബാഹ പ്രവിശ്യകളിലാണ് കാപ്പി കൃഷിയുള്ളത്. ഏതാനും പദ്ധതികളും പ്രോഗ്രാമുകളും വഴി ഗവൺമെന്റ് നൽകിയ പിന്തുണയുടെ ഫലമായാണ് കാപ്പി കൃഷിയിൽ വൻ വളർച്ച കൈവരിക്കാൻ സാധിച്ചത്.
കാപ്പി കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ കൃഷിയോഗ്യമാക്കൽ, മഴവെള്ള സംഭരണ സാങ്കേതികവിദ്യകൾ നടപ്പാക്കൽ, ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റിനു കീഴിൽ സൗദിയിലെ ആദ്യ പദ്ധതിയായി കാപ്പി കൃഷി പദ്ധതി അംഗീകരിക്കുന്നതിന് കരാർ ഒപ്പുവെക്കൽ എന്നിവ അടക്കമുള്ള പദ്ധതികളിലൂടെയാണ് കാപ്പി കൃഷിക്ക് സർക്കാർ പിന്തുണ നൽകുന്നത്. ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റുമായി ഒപ്പുവെച്ച കരാർ പ്രകാരം മൂന്നു ലക്ഷത്തിലേറെ കാപ്പി തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയും സൗദിയിലെ ഏറ്റവും വലിയ കാപ്പി എക്‌സിബിഷനും കാപ്പി ഫാക്ടറിയും അൽബാഹയിലെ കാപ്പി വികസന നഗരിയിൽ ആരംഭിക്കും. വിവിധ പ്രവിശ്യകളിലെ 60 കാപ്പി തോട്ടങ്ങൾ മോഡൽ കൃഷിയിടങ്ങളാക്കി മാറ്റിയിട്ടുണ്ട്.
ജിസാനിലെ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കാപ്പി ഗവേഷണ യൂനിറ്റ് ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ ആദ്യ കാപ്പി ഗവേഷണ യൂനിറ്റ് ആണിത്. കാപ്പി കൃഷിയിൽ ജിസാൻ പ്രവിശ്യ വിജയം കൈവരിച്ചത് കണക്കിലെടുത്താണ് കാപ്പി ഗവേഷണ യൂനിറ്റ് ജിസാനിൽ ആരംഭിക്കാൻ അനുമതി നൽകിയത്. കാപ്പി ഉൽപാദനം വർധിപ്പിക്കാൻ സഹായങ്ങൾ നൽകുന്നത് മന്ത്രാലയം തുടരും. കാപ്പി കൃഷി വികസനം, സൗദി കാപ്പി പ്രാദേശിക, ആഗോള തലങ്ങളിൽ വിപണനം ചെയ്യൽ, ഈ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിതുറക്കൽ എന്നിവ സുസ്ഥിര കാർഷിക ഗ്രാമവികസന പദ്ധതിയുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളാണെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.