മദ്യം വാങ്ങിയപ്പോള്‍ നികുതി കൊടുത്തു, ഇനി ടിക്കറ്റെടുക്കില്ല- കണ്ടക്ടറെ കല്ലെറിഞ്ഞ മദ്യപന്റെ ന്യായം

മലപ്പുറം- പുത്തനത്താണിയില്‍ മദ്യപന്‍ ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ച് നടത്തിയ ആക്രമണത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പാലാ ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിന് മുഖത്ത് തുന്നിക്കെട്ടുകളുണ്ട്.
ബസിന്റെ പിന്നിലെ ചില്ല് മദ്യപന്‍ കല്ലെറിഞ്ഞ് തകര്‍ത്തു. പാലായില്‍ നിന്ന് കുടിയാന്മലയ്ക്ക് സര്‍വീസ് നടത്തുന്ന ബസിലെ ചില്ലാണ് തകര്‍ത്തത്.

പുത്തനത്താണി ജംഗ്ഷനില്‍നിന്നു കയറിയ മദ്യപനോട് കണ്ടക്ടര്‍ സന്തോഷ് ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. മദ്യം വാങ്ങിയതിനാല്‍ പണമില്ലെന്ന് ആദ്യം അറിയിച്ച ഇയാള്‍ തുടര്‍ന്ന് മദ്യം വാങ്ങിയപ്പോള്‍ ടാക്സായി പണം സര്‍ക്കാരില്‍ അടച്ചെന്നും അതിനാല്‍ ടിക്കറ്റ് എടുക്കില്ലെന്നും വാശിപിടിച്ചു.

തുടര്‍ന്ന് കണ്ടക്ടറുമായി വഴക്കായതോടെ ബസ് നിര്‍ത്തി ഡ്രൈവറും യാത്രക്കാരും ചേര്‍ന്ന് ഇയാളെ ഇറക്കി വിട്ടശേഷം യാത്ര തുടങ്ങിയപ്പോഴാണ് പ്രകോപിതനായ മദ്യപന്‍ ബസിലേക്ക് കല്ലെറിഞ്ഞത്. ഈ കല്ല് മുഖത്ത് കൊണ്ട കണ്ടക്ടര്‍ സന്തോഷിന് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സ്റ്റിച്ചിട്ടു. കോട്ടയ്ക്കല്‍ പോലീസ് അക്രമിയെ തിരയുന്നുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി ലഭിച്ചശേഷം പ്രതിയെ കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്.

 

Latest News