കണ്ണൂര്‍- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയോടും അമ്മയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസിന്റെ നിര്‍ദേശം. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച എത്താനാണ് നിര്‍ദേശം. അര്‍ജുന്റെ വീട്ടില്‍നിന്നു നിര്‍ണായക തെളിവുകള്‍ കിട്ടിയതായി കസ്റ്റംസ് അറിയിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുന്ന രേഖകളാണ് വീട്ടില്‍നിന്ന് ലഭിച്ചതെന്നാണ് വിവരം. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. അതേസമയം, ഫോണ്‍ നഷ്ടപ്പെട്ടുവെന്ന മൊഴി അര്‍ജുന്‍ ആയങ്കി തിരുത്തി. ആളൊഴിഞ്ഞ പറമ്പില്‍നിന്നു കാറ് മാറ്റുന്നതിനിടെ ഫോണ്‍ നഷ്ടപ്പെട്ടു എന്നായിരുന്നു ആദ്യമൊഴി. എന്നാല്‍, ഫോണ്‍ നഷ്ടപ്പെട്ടതല്ലെന്നും തൊട്ടടുത്ത വളപട്ടണം പുഴയിലേക്ക് ഫോണ്‍ വലിച്ചെറിഞ്ഞു എന്നുമാണ് പുതിയ മൊഴി.
കരിപ്പൂരില്‍ വന്നത് പണം വാങ്ങാനാണെന്നും സ്വര്‍ണം കവരാനല്ലെന്നും അര്‍ജുന്‍ പറയുന്നു. തെളിവില്ലാത്ത കാര്യങ്ങളില്‍ തന്റെ പങ്ക് സമ്മതിച്ച് കേസില്‍നിന്ന് രക്ഷപ്പെടാനാണ് അര്‍ജുന്‍ ശ്രമിക്കുന്നതെന്നാണ് കസ്റ്റംസിന്റെ സംശയം.