Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലാപ്‌ടോപ്പില്‍നിന്ന് 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു, ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം - നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി. കമ്മീഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഐ.ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണക്കുറ്റങ്ങളും ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി ഷാനവാസിനാണ് അന്വേഷണ ചുമതല. വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. ജോയിന്റ്് ചീഫ് ഇലക്ട്രല്‍ ഓഫീസറാണ് പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ ആരാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് പറയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇരട്ട വോട്ട് വലിയ വിവാദമായിരുന്നു. കേസ് കറങ്ങിത്തിരിഞ്ഞ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിലേക്ക് എത്തിയേക്കാനാണ് സാധ്യത. സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വലിയ വീഴ്ച പറ്റിയ ഇരട്ട വോട്ട് വിവാദത്തില്‍ 38,000 ത്തോളം വോട്ട് ഇരട്ടിപ്പ് നടന്നുവെന്ന് കമ്മിഷന് സമ്മതിക്കേണ്ടി വന്നിരുന്നു.

അതേസമയം, തനിക്ക് വിവരങ്ങള്‍ കിട്ടിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍നിന്നാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആരും വോട്ടര്‍ പട്ടിക ചോര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണം ഏത് രീതിയിലായിരിക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സിഡാക്കും കെല്‍ട്രോണുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സാങ്കേതിക സഹായം നല്‍കിയിരുന്നത്. കെല്‍ട്രോണുമായുള്ള കരാര്‍ കമ്മിഷന്‍ പൂര്‍ണമായും റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പ്രവര്‍ത്തിച്ച കെല്‍ട്രോണ്‍ ജീവനക്കാരോട് തിരികെ പോകാനും നിര്‍ദേശിച്ചിരുന്നു.

 

Latest News