Sorry, you need to enable JavaScript to visit this website.

'കോവിഡിൽ മരിച്ച പ്രവാസികളെ കൂടി  സർക്കാർ സഹായത്തിൽ ഉൾപ്പെടുത്തണം'

ഷാർജ- കോവിഡിൽ പെട്ട് മരിച്ച പ്രവാസികളെ കൂടി സർക്കാർ സഹായത്തിൽ ഉൾപ്പെടുത്തണമെന്ന് ഇൻകാസ് ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്ന സുപ്രീം കോടതി വിധി ഏറെ ആശ്വാസകരമാണെന്നും വിധിയുടെ പരിധിയിൽ മരിച്ച പ്രവാസികളെ കൂടി ഉൾപ്പെടുത്തണമെന്നുമാണ് യു.എ.ഇയിലെ പ്രമുഖ പ്രവാസി സംഘടനയായ ഇൻകാസ് യു.എ.ഇയുടെ ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രനും ജനറൽ സെക്രട്ടറി പുന്നക്കൽ മുഹമ്മദലിയും സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടത്. ആയിരക്കണക്കിന് കോടിയുടെ വിദേശനാണ്യം കേരളത്തിന് നൽകുന്ന പ്രവാസികളെ പല പ്രതിസന്ധി ഘട്ടങ്ങളിലും വിസ്മരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും ദുരിതപൂർണമായ കാലഘട്ടത്തിൽ ജോലി നഷ്ടപ്പെട്ടു സാമ്പത്തികമായി തകർന്ന, കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയെന്നത് സർക്കാരിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആശ്വാസമാണ്. ആയിരക്കണക്കിന് പ്രവാസികളാണ് കോവിഡ് മൂലം ഗൾഫിൽ മാത്രം മരണമടഞ്ഞിട്ടുള്ളത്. നിർദ്ധനരായ പ്രവാസി കുടുംബങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്ന് സുപ്രീം കോടതി വിധി ബാധകമാക്കുന്നതോടെ സാധിക്കുമെന്ന് ഇൻകാസ് നേതാക്കൾ സൂചിപ്പിച്ചു.

കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ റാപ്പിഡ് പിസിആർ ടെസ്റ്റ്കളിൽ കടുത്ത വിവേചനമാണ് തുടരുന്നത്. പ്രത്യേകിച്ചും ഭൂരിഭാഗം പ്രവാസികൾ ആശ്രയിക്കുന്ന കരിപ്പൂർ എയർപോർട്ടിൽ. 2400 രൂപ നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും ഈടാക്കുമ്പോൾ കരിപ്പൂരിൽ 3500 രൂപയാണ് വാങ്ങുന്നത്. റാപ്പിഡ് പിസിആർ ടെസ്റ്റുകൾ എല്ലാ എയർപോർട്ടുകളിലും സൗജന്യമാക്കണമെന്ന് ഇൻകാസ് നേതാക്കൾ ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം വകഭേദത്തിന്റെ തീവ്രതയിൽ അകപ്പെട്ട്, കഴിഞ്ഞ രണ്ടു മാസത്തോളമായി നാട്ടിൽ കഴിയുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് എത്രയും വേഗം ഗൾഫിൽ തിരിച്ചെത്തുന്നതിനും ജോലിയിൽ പ്രവേശിക്കുന്നതിനുമുള്ള സാഹചര്യമുണ്ടാക്കുന്നതിന് ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ഇൻകാസ് നേതാക്കൾ ആവശ്യപ്പെട്ടു. യാത്രക്ക് മുന്നോടിയായ പരിശോധനാ സംവിധാനങ്ങൾ 4 എയർപോർട്ടുകളിലും സജ്ജമാക്കാൻ സർക്കാറിന്റെ അടിയന്തരമായ ശ്രദ്ധയുണ്ടാകണമെന്ന് ഇൻകാസ് നേതാക്കൾ പ്രസ്താവനയിൽ അഭ്യർഥിച്ചു.

 

Latest News