റിയാദ്- സൗദിയിൽനിന്ന് ഫ്‌ളൈഅദീൽ അന്താരാഷ്ട്ര സർവീസിന് തുടക്കമായി. സൗദി ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ബജറ്റ് വിമാന കമ്പനിയാണ് ഫ്‌ളൈഅദീൽ. റിയാദിൽ നിന്ന് ദുബായിലേക്കാണ് ഫ്‌ളൈഅദീൽ ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിച്ചിരിക്കുന്നത്.
യാത്രക്കാർക്ക് എല്ലാവിധ സേവനങ്ങളും നൽകാൻ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലും എല്ലാവിധ തയാറെടുപ്പുകളും കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. റിയാദിൽ നിന്ന് ദുബായിലേക്കും തിരിച്ചും പ്രതിദിനം രണ്ടു സർവീസുകൾ വീതം ഇരു ദിശകളിലേക്കുമായി ആകെ നാലു സർവീസുകളാണ് ഫ്‌ളൈ അദീൽ നടത്തുന്നത്. പുതിയ ബജറ്റ് സർവീസുകൾ സൗദി അറേബ്യക്കും യു.എ.ഇക്കുമിടയിൽ വിമാന യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാനും സഹായിക്കും.
പ്രഥമ റിയാദ്-ദുബായ് സർവീസിനോടനുബന്ധിച്ച് റിയാദ് എയർപോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ റിയാദ് എയർപോർട്ട്‌സ് കമ്പനി സി.ഇ.ഒ മുഹമ്മദ് അൽ മഗ്‌ലൂത്ത്, ഫ്‌ളൈ അദീൽ സി.ഇ.ഒ കോൻ കോർഫിയാട്ടിസ്, ഡെപ്യൂട്ടി സി.ഇ.ഒ അഹ്മദ് അൽബറാഹിം തുടങ്ങിയവർ സംബന്ധിച്ചു. ആദ്യ സർവീസിലെ യാത്രക്കാരെ ഫ്‌ളൈ അദീൽ ജീവനക്കാർ പൂച്ചെണ്ടുകൾ നൽകി യാത്രയാക്കി. പ്രാദേശിക സമയം രാവിലെ 10.30 ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് 1.25 ന് ദുബായ് എയർപോർട്ടിൽ ഇറങ്ങി.
പ്രാദേശിക, അന്താരാഷ്ട്ര തലത്തിൽ ബജറ്റ് സർവീസുകൾക്ക് യാത്രക്കാരിൽ നിന്നുള്ള വർധിച്ച ആവശ്യം കണക്കിലെടുത്താണ് ആദ്യ അന്താരാഷ്ട്ര സർവീസിന് ഫ്‌ളൈ അദീൽ ദുബായ് തെരഞ്ഞെടുത്തതെന്ന് കമ്പനി സി.ഇ.ഒ കോൻ കോർഫിയാട്ടിസ് പറഞ്ഞു. ആഗോള തലത്തിൽ തന്നെ ഏറ്റവും ആകർഷകമായ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ദുബായ്. മേഖലയിലെ ഏറ്റവും വലിയ എയർപോർട്ടുകളിൽ ഒന്നായ ദുബായ് വിമാനത്താവളം വിമാന സർവീസുകളുടെ എണ്ണത്തിലും ചലനാത്മകതയിലും മുന്നിലാണ്. ലോകത്തിന്റെ മുഴുവൻ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ദുബായ്. ഏറ്റവും മികച്ച നിരക്കുകളോടെ സവിശേഷമായ ബജറ്റ് ഗതാഗത സേവനങ്ങൾ നൽകി ആഭ്യന്തര തലത്തിൽ നേടിയ വലിയ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനി വിദേശത്തേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നതെന്നും കോൻ കോർഫിയാട്ടിസ് പറഞ്ഞു.