കൊണ്ടോട്ടി- രാമനാട്ടുകര അപകടവും സ്വര്‍ണക്കടത്തും നടന്ന ദിവസം കരിപ്പൂരില്‍ റിയാദില്‍നിന്നെത്തിയ യാത്രക്കാരനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടു പോയതായി പരാതി. 21 ന് റിയാദില്‍നിന്ന് കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശിയായ യുവാവിനെയാണ് വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണും ബാഗും തട്ടിയെടുത്തത്.
സ്വര്‍ണക്കടത്തിലെ ക്വട്ടേഷനുമായി ബന്ധപ്പെട്ട് പിടിയിലായ കൊടുവള്ളി സ്വദേശി ഫിജാസിനും മഞ്ചേരി പാണ്ടിക്കാട് സ്വദേശി ശിഹാബിനും ഈ കേസില്‍ ബന്ധമുള്ളതായി പോലിസ് അന്വേഷണത്തില്‍ സംശയിക്കുന്നു.
പാലക്കാട് സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ പോലിസില്‍പരാതി നല്‍കിയത്. വിമാനത്താവളത്തില്‍നിന്ന് ഒരു സംഘം കണ്ണുകെട്ടി മഞ്ചേരി ഭാഗത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ച്ച നടത്തുകയും ചെയ്തതുവെന്നാണ് പരാതി. കേസില്‍ ഉള്‍പ്പെട്ട നാലുപേരില്‍ ഫിജാസിനും ശിഹാബിനും പങ്കുള്ളതായാണ് പോലിസിന് ലഭിച്ച വിവരം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ കൊടുവള്ളി വാവാട് സ്വദേശി സൂഫിയാന്റെ സഹോദരനാണ് ഫിജാസ്. ഫിജാസിനെ സഹായിക്കാനാണ് സൂഫിയാന്റെ നിര്‍ദേശപ്രകാരം ശിഹാബും സംഘവും സംഭവ ദിവസം വിമാനത്താവളത്തിലെത്തിയിരുന്നു. ശിഹാബിനെ പിടികൂടിയെങ്കിലും സംഘത്തിലുണ്ടായിരുന്നവരെ പോലിസിന് കണ്ടെത്താനായിട്ടില്ല. റിമാന്‍ഡില്‍ കഴിയുന്ന ഫിജാസിനെയും ശിഹാബിനെയും ഈ കേസില്‍ പൊലിസ് അറസ്റ്റു ചെയ്‌തേക്കും. നിലവിലെ കേസില്‍ ജാമ്യത്തിനുവേണ്ടി ഇരുവരും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
അതിനിടെ,കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ചെര്‍പ്പളശ്ശേരി ക്വട്ടേഷന്‍ സംഘത്തെ ഏകോപിപ്പിച്ച കൊടുവള്ളി സൂഫിയാന്‍ അടക്കം മൂന്ന് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങുന്നു. സൂഫിയാന്‍, ഇയാളുടെ സഹോദരന്‍ ഫിജാസ്, ഷിഹാബ് പാണ്ടിക്കാട് എന്നിവരെയാണ് സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. മൂന്ന് പേരുടേയും കൊവിഡ് പരിശോധന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
സ്വര്‍ണം ഏറ്റെടുക്കാന്‍ എത്തിയ കൊടുവള്ളി സംഘത്തിന് വേണ്ടി സഹായികളായ ചെര്‍പ്പളശ്ശേരി ക്വാട്ടേഷന്‍ സംഘത്തെ നിയന്ത്രിച്ചത് സൂഫിയാനാണെന്ന് അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. പുറമെ ഇന്നലെ പാലക്കാട് സ്വദേശിയായ യാത്രക്കാരന്റെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്ന തട്ടിക്കൊണ്ടു പോകല്‍ സംഭവത്തില്‍ ഫിജാസ്, ഷിഹാബ് പാണ്ടിക്കാട് എന്നിവരും ഉള്‍പ്പെട്ടതായാണ് സൂചന. ഇൗ കേസിലും നിലവിലെ സ്വര്‍ണക്കടത്ത് കേസിലും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.