കൊല്ലം- ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും പടര്‍ന്നുപിടിക്കുന്ന തീവ്ര കോവിഡ് ബാധക്ക് കാരണമായ ഡെല്‍റ്റാ വകഭേദവും യു.കെ വകഭേദവും പരവൂരില്‍ പരിശോധനക്കയച്ച സ്വാബ് സാംപിളുകളില്‍ കണ്ടെത്തി.
കോവിഡ് ബാധിതരുടെ സ്രവ ജനിതക പരിശോധനയില്‍ ഏഴ് യു.കെ വകഭേദങ്ങളും 52 ഡെല്‍റ്റ വകഭേദങ്ങളുമാണ് സ്ഥിരീകരിച്ചത്. പത്തനാപുരം, പൊഴിക്കര, കാവനാട്, നെടുമ്പന, ഭാഗങ്ങളില്‍ ഒന്നു വീതവും പരവൂരില്‍ മൂന്നും യു.കെ. വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കരുനാഗപ്പള്ളി, ചവറ, നെടുവത്തൂര്‍, കുന്നത്തൂര്‍, കൊല്ലം കോര്പ്പറേഷന്, തൃക്കോവില്‍വട്ടം, കലയപുരം, പരവൂര്‍, നെടുമ്പന, അഞ്ചല്‍, കടയ്ക്കല്‍, പുനലൂര്‍, എടത്തറ, ആയൂര്‍, ഇളമാട്, പിറവന്തൂര്‍, പത്തനാപുരം, ഉമ്മന്നൂര്‍, വിളക്കുടി, ചന്ദനത്തോപ്പ്, കുണ്ടറ മേഖലകളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. എന്നാല്‍ ഇവരില്‍നിന്നു എത്ര പേരിലേക്ക് ഡെല്‍റ്റാ, യു.കെ വകഭേദങ്ങള്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട് എന്ന് കണ്ടെത്താന്‍ രോഗബാധിതരുടെ സമ്പര്‍ക്കപട്ടിക തയാറാക്കി പരിശോധന വ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്.