Sorry, you need to enable JavaScript to visit this website.

സമയ താളം തെറ്റി സംസ്ഥാന സ്‌കൂൾ കലോത്സവം

തൃശൂർ - സമയതാളം അപ്പാടെ തെറ്റി സ്ഥലകാല ബോധമില്ലാതെ കലയുടെ രാപ്പകലുകൾക്ക് അവധി നൽകാതെ സംസ്ഥാന സ്‌കൂൾ കലോത്സവം ഇന്ന് നാലാം ദിവസത്തിലേക്ക്.  മുൻ വർഷങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി കലോത്സവ നടത്തിപ്പിൽ സമയക്രമം പരമാവധി പാലിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് വെറും വാക്കാകുന്ന ദയനീയ കാഴ്ചയ്ക്കാണ് മൂന്നാം ദിനം സാക്ഷ്യം വഹിച്ചത്. 
പഴയ കലോത്സവത്തിന്റെ രീതിയിലേക്ക് സമയക്രമങ്ങളുടെ താളം തെറ്റിയതോടെ ഒരാഴ്ച നീണ്ടുനിൽക്കാറുള്ള കലോത്സവം അഞ്ചു ദിവസത്തിലേക്ക് ചുരുക്കിയത കൂടുതൽ കുരുക്കായി മാറി. മത്സരങ്ങൾ നേരം പുലരും വരെ നീളുന്നതും മത്സരങ്ങൾ തുടങ്ങാൻ വൈകുന്നതും കലോത്സവത്തിന്റെ താളം തെറ്റിച്ചു. 
അപ്പീലുകളാണ് താളം തെറ്റിക്കുന്നതെന്നാണ് സംഘാടകരുടെ വാദം. എന്നാൽ സമയത്ത് മത്സരങ്ങൾ തുടങ്ങാത്തത് ആരുടെ കുഴപ്പമാണെന്ന് ചോദിച്ചാൽ ഉത്തരമില്ലെന്ന് മത്സരാർഥികളും രക്ഷിതാക്കളും പറയുന്നു. പല വേദികളിലും മത്സരങ്ങൾ ഒന്നര മണിക്കൂർ വരെ വൈകിയാണ് തുടങ്ങുന്നത്. ഉദ്ഘാടന ദിവസം തന്നെ സമയം പാളിയതാണ് മൊത്തത്തിൽ സമയക്രമങ്ങൾ പ്രധാന വേദിയിൽ തെറ്റാൻ കാരണം. എന്നാൽ ഇവിടെ ഇന്നലെ മത്സരങ്ങൾ സമയത്തിനു തന്നെ തുടങ്ങാൻ ശ്രമം നടത്തിയെങ്കിലും മറ്റു വേദികളിൽ മത്സരങ്ങൾ സമയത്തിന് തുടങ്ങിയില്ല. അപ്പീലുകളും എത്തിയതോടെ മത്സരങ്ങൾ പുലർച്ചെ വരെ നീളുകയാണ്. 
കഴിഞ്ഞ കലോത്സവത്തിലെത്തിയതിലും കൂടുതൽ അപ്പീലുകൾ എത്തുന്നതാണ് മത്സര ക്രമത്തിന്റെ താളം തെറ്റുന്നതെന്നാണ് ന്യായീകരണം. 1107 അപ്പീലുകളിലൂടെ നാലായിരത്തിഞ്ഞൂറോളം കുട്ടികളാണ് കൂടുതലായി മത്സരത്തിനെത്തിയിരിക്കുന്നത്.

Latest News