കൊണ്ടോട്ടി - രാമനാട്ടുകര വാഹനാപകടത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചു പേരെക്കൂടി പോലീസ് അറസ്റ്റു ചെയ്തു. കൊടുവള്ളി നാട്ടുകല്ലിങ്ങല്‍ കോട്ടയ്ക്കല്‍ സ്വദേശികളാണ് പിടിയിലായ അഞ്ച് പേരും.
മേലേ കുണ്ടത്തില്‍ റിയാസ് (33), പിലാവുള്ളതില്‍ മുഹമ്മദ് ബഷീര്‍ (39), ഓയലക്കുന്ന് പുറായില്‍ മുഹമ്മദ് ഹാഫിസ്്(28), കോട്ടയ്ക്കല്‍ മുഹമ്മദ് ഫാസില്‍(28), പുണ്ടത്തില്‍ ഷംസുദ്ദീന്(35) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി.
നേരത്തെ പിടിയിലായ കൊടുവള്ളി വാവാട് സ്വദേശി സൂഫിയാനില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. കഴിഞ്ഞ 21 ന് പുലര്‍ച്ചെ പെരിന്തല്‍മണ്ണ സ്വദേശി ഷഫീഖ് ദുബായില്‍നിന്ന് കടത്തിയ സ്വര്‍ണം തട്ടിയെടുക്കുന്നതിന് സൂഫിയാന് ചുമതലപ്പെടുത്തിയ കൊടുവള്ളി സംഘമാണ് പിടിയിലായവര്‍. പിടിയിലായ റിയാസിന്റെ നേതൃത്വത്തില്‍ രണ്ടു വാഹനങ്ങളിലായി എട്ടു പേരാണ് സംഭവദിവസം കരിപ്പൂരിലെത്തിയത്. ഇവരില്‍ മൂന്ന് പേരെ പിടികൂടാനുണ്ട്.
വയനാട്ടിലേക്ക് കടക്കാനിരിക്കെ താമരശ്ശേരി ചുരത്തില്നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇവരെ പിടികൂടിയതെന്ന് ഡിവൈ.എസ്.പി. കെ. അഷ്റഫ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ കരിപ്പൂരിലെത്തിയ വാഹനങ്ങളും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.