Sorry, you need to enable JavaScript to visit this website.

രാജ്യദ്രോഹത്തിന്റെ ഇസ്‌ലാമിക പരിപ്രേക്ഷ്യം


പിറന്ന മണ്ണിനോടുള്ള സ്‌നേഹവും കടപ്പാടും മനുഷ്യന്റെ നൈസർഗിക വാസനയിൽ പെട്ടതാണ്. രാജ്യത്തിന്റെ വിജയത്തിലും വളർച്ചയിലുമുള്ള അഭിമാനം രാജ്യസ്‌നേഹത്തിന്റെ അടയാളവുമാണ്. നാടിന് സംഭവിക്കുന്ന നഷ്ടങ്ങളിലും പ്രതിസന്ധികളിലും മനസ്സ് വിഷമിക്കുക എന്നതും നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്. 


രാജ്യത്തിന്റെ അധികാരികൾ പുറന്തള്ളിയാലും രാജ്യത്തെ പുറന്തള്ളാൻ സ്രഷ്ടാവിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്ന ഒരു യഥാർഥ രാജ്യസ്‌നേഹിക്ക് സാധിക്കില്ല. കാരണം താൻ ജീവിച്ചു വളർന്നു വന്ന മണ്ണിനോടും പ്രകൃതിയോടും അത്രയേറെ അവൻ ഇഴുകിച്ചേർന്നിരിക്കുന്നു. അവിടുത്തെ ജനങ്ങളുമായുള്ള അവന്റെ മാനസികമായ ബന്ധം അത്രയേറെ ഈടുറ്റതാകുന്നു. അധികാര വ്യവസ്ഥയോടോ മാറിമാറി വരുന്ന ഭരണകൂടങ്ങളോടോ ഉള്ളതിനേക്കാൾ പതിന്മടങ്ങ് വിശാലമായ അടുപ്പവും ഹൃദയബന്ധവും അവിടെത്തെ ജനങ്ങളുമായും പ്രകൃതി വ്യവസ്ഥയുമായും അവൻ സൂക്ഷിക്കുന്നു എന്നതാണ് അതിനുള്ള കാരണം. അത്തരമൊരു വികാരം മനുഷ്യപ്രകൃതിയിൽ സ്രഷ്ടാവ് തന്നെ നിക്ഷേപിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് ഹിജ്‌റയുടെ വേളയിൽ മുഹമ്മദ് നബി (സ്വ) മക്കവിട്ട് പോകുമ്പോൾ ജബലുൽ ഹിന്ദിന്റെ മുകളിൽ കയറിനിന്ന് ഇപ്രകാരം പറഞ്ഞത്: 'മക്കാ...! നീയാണ് എനിക്കേറ്റവും പ്രിയപ്പെട്ട നാട്. പക്ഷേ, ഈ ജനങ്ങൾ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നെങ്കിൽ ഞാൻ നിന്നെ വിട്ടു പോകുകയില്ലായിരുന്നു.'


രാജ്യം എന്നാൽ രാജ്യത്തിന് നേതൃത്വം നൽകുന്ന ഭരണകൂടമാണെന്ന ധാരണ തെറ്റാണ്. പ്രകൃതിയും മനുഷ്യരും മൃഗങ്ങളും പക്ഷികളും മരങ്ങളുമടക്കമുള്ള സചേതനവും അചേതനവുമായ മുഴുവൻ വസ്തുക്കളും ചേർന്നതാണ് ഒരു രാജ്യം. അത്രയും വിശാലമായ സങ്കല്പത്തിലുള്ള രാജ്യത്തിന്റെ ഭൗതികമായ നേതൃത്വം മനുഷ്യനാണ് നൽകപ്പെട്ടിട്ടുള്ളത്. അങ്ങനെ മനുഷ്യർ കൂടിയാലോചിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. കൂടിയാലോചനയും തീരുമാനവും നടപ്പാക്കലുമാണ് ഒരു ഭരണകൂട സംവിധാനത്തിലൂടെ മനുഷ്യർ ചെയ്യുന്നത്. തീരുമാനങ്ങളോട് യോജിപ്പും വിയോജിപ്പും സ്വാഭാവികമാണ്. യോജിപ്പുകൾ അന്ധമാവുകയോ വിയോജിപ്പുകൾ പ്രതിലോമകരമാവുകയോ ചെയ്യാൻ പാടുള്ളതല്ല. ഇവിടെയാണ് രാജ്യസ്‌നേഹത്തിന്റെയും രാജ്യദ്രോഹത്തിന്റെയും അതിർവരമ്പ് നിശ്ചയിക്കുന്ന നേർത്ത രേഖ സ്ഥിതിചെയ്യുന്നത്. 


ഓരോ രാജ്യത്തിനും ഓരോ ഭരണഘടനയുണ്ട്. ഭരണഘടന അംഗീകരിച്ചുകൊണ്ട് പ്രസ്തുത രാജ്യത്ത് ജീവിക്കുന്ന ഏതൊരു പൗരനും രാജ്യവുമായി ഒരു കരാറിലാണ്. രാജ്യത്തിന്റെ ഭൗതിക നിയമങ്ങൾ അനുസരിച്ചുകൊണ്ട് ജീവിക്കാമെന്ന് പൗരൻ കരാർ ചെയ്യുമ്പോൾ രാജ്യം പൗരനുള്ള സുരക്ഷയും സൗകര്യങ്ങളും മൗലികാവകാശവും കരാർ ചെയ്യുന്നു. അവ പരസ്പരം ലംഘിക്കപ്പെടാൻ പാടില്ല. പൗരന്മാർക്ക് അവകാശങ്ങൾ ഉള്ളതുപോലെ അവർ നിർബന്ധമായും രാജ്യത്തിന് വേണ്ടി ചെയ്യേണ്ട ധർമങ്ങളുമുണ്ട്. അതുപോലെ രാജ്യത്തിനും കടമയും അവകാശവുമുണ്ട്. ഭരണഘടനയിലൂടെ പരസ്പരം സമ്മതിച്ചിട്ടുള്ള ഇത്തരം അവകാശങ്ങളും കടമകളും ധർമങ്ങളും ആർ ലംഘിക്കുന്നുവോ അത് രാജ്യദ്രോഹമാകും. രാജ്യദ്രോഹം പൗരന്മാരിൽ മാത്രമല്ല സംഭവിക്കുന്നത്. അംഗീകരിക്കപ്പെട്ട അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് പൗരന്മാർ ദ്രോഹിക്കപ്പെടുമ്പോൾ അവിടെ രാജ്യദ്രോഹത്തിന്റെ പ്രതിപ്പട്ടികയിൽ നിൽക്കുന്നത് രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഭരണകൂടമായിരിക്കും. 


ജനങ്ങളെ സംഘർഷത്തിലേക്ക് നയിക്കുന്നതിനായി ലക്ഷ്യമിട്ടുകൊണ്ട് നടത്തപ്പെടുന്ന വാക്കുകൾ, പ്രവർത്തനങ്ങൾ, സൂചനകൾ എന്നിവയെയാണ് 'രാജ്യദ്രോഹം' എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. കലാപങ്ങളുണ്ടാക്കാൻ പ്രേരിപ്പിക്കുക, കലഹങ്ങൾ സൃഷ്ടിച്ചും ചതിയും വഞ്ചനയും നടത്തിയും രാജ്യത്തെ ഒറ്റിക്കൊടുക്കുക തുടങ്ങിയവയെല്ലാമാണ് രാജ്യദ്രോഹത്തിന്റെ വിവിധ രൂപങ്ങൾ. 


എന്നാൽ അധിനിവേശ കാലങ്ങളിൽ അധിനിവേശ ശക്തികൾക്കെതിരെ നാട്ടുകാർ നടത്തിയിരുന്ന ഏതൊരു പ്രതിഷേധത്തെയും അവർ രാജ്യദ്രോഹത്തിന്റെ പട്ടികയിൽ പെടുത്തുകയായിരുന്നു. അതോടെ ഭരണകൂടം നടത്തിയിരുന്ന ജനവിരുദ്ധമായ നടപടികളെ എതിർക്കുന്നതും രാജ്യദ്രോഹമായി ദുർവ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യയിൽ ഇപ്പോഴും ശിക്ഷാ നിയമങ്ങളായി ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യദ്രോഹ നിയമങ്ങളാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ലക്ഷ്യദ്വീപ് വിഷയമായിരുന്നാലും മറ്റേതൊരു വിഷയമായിരുന്നാലും വിമർശനങ്ങൾ രാജ്യദ്രോഹമായി ദുർവ്യാഖ്യാനിക്കാൻ ചിലർക്ക് കഴിയുന്നത്. 


രാജ്യദ്രോഹത്തിന് ഖുർആൻ നൽകിയിട്ടുള്ള വിശദീകരണമെന്താണ്? 'സെഡിഷൻ' എന്ന് ഇംഗ്ലീഷിൽ വിളിക്കപ്പെടുന്ന രാജ്യദ്രോഹത്തിന് അറബിയിൽ 'ഫിത്‌ന' എന്നാണ് പ്രയോഗിക്കപ്പെടാറുള്ളത്. 'കത്തിക്കുക' എന്ന അർഥമാണ് ഫിത്‌ന എന്ന അറബി പദത്തിന്റെ പ്രാഥമിക സൂചനയായി ഭാഷാപണ്ഡിതന്മാർ രേഖപ്പെടുത്തുന്നത്. സ്വർണം മുതലായ ലോഹങ്ങൾ തീയിൽ കാട്ടി ഉരുക്കുക എന്ന അർത്ഥത്തിൽ ഭാഷയിൽ ഇത് ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് കുഴപ്പമുണ്ടാക്കുക, അരാജകത്വം സൃഷ്ടിക്കുക എന്ന ആശയത്തിൽ ഖുർആനിൽ ധാരാളമായി അത് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. 
'വൽ ഫിത്‌നതു അശദ്ദു മിനൽ ഖത്ൽ' (ഫിത്‌നയാണ് കൊലയെക്കാൾ കഠിനം2:191), 'വൽ ഫിത്‌നതു അക്ബറു മിനൽ ഖത്ൽ' (ഫിത്‌നയാണ് കൊലയെക്കാൾ വലുത്2:217) എന്നീ വചനങ്ങളിൽ ഈ അർഥത്തിലാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. ദൈവികമാർഗത്തിൽ നിന്ന് ജനങ്ങളെ തടയുക, ദൈവിക ഭവനത്തിലേക്ക് സത്യവിശ്വാസികളെ പ്രവേശിക്കുവാൻ അനുവദിക്കാതിരിക്കുക, സ്വന്തം നാട്ടുകാരെ അവരുടെ നാട്ടിൽ താമസിക്കുവാൻ സമ്മതിക്കാതെ ബഹിഷ്‌കരിക്കുക തുടങ്ങിയ കാര്യങ്ങളാണ് രണ്ടു വചനങ്ങളിലും 'ഫിത്‌ന' കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. 


മക്കയിൽ ജീവിക്കാൻ സാധിക്കാതെ മദീനയിലേക്ക് പുറപ്പെട്ട മുഹമ്മദ് നബി (സ്വ) യെയും അനുചരന്മാരെയും മദീനയിലും ജീവിക്കുവാൻ അനുവദിക്കാതെ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ച മക്കക്കാർ സത്യവിശ്വാസികളുടെ മൗലികാവകാശങ്ങൾ നിഷേധിക്കുകയായിരുന്നു. വിശ്വാസസ്വാതന്ത്ര്യം, ആരാധനാലയ പ്രവേശന സ്വാതന്ത്ര്യം, സ്വന്തം നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാനുള്ള അവകാശം തുടങ്ങിയ ഒരു മനുഷ്യന് അടിസ്ഥാനപരമായി ലഭിക്കേണ്ട അവകാശങ്ങൾ ഹനിക്കുക എന്നത് ഏതൊരു രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും ചെയ്യുന്ന ദ്രോഹമാണ്. അതുകൊണ്ടാണ് അങ്ങനെയുള്ള കാര്യങ്ങൾക്ക് ഖുർആൻ 'ഫിത്‌ന' അഥവാ രാജ്യദ്രോഹം എന്ന് ഉപയോഗിച്ചത്. 


യുദ്ധം മുഖേനയോ അല്ലാതെയോ ആളുകൾ കൊല ചെയ്യപ്പെടുന്നതിനേക്കാൾ ഭയങ്കരമാണ് അവരുടെ അഭിപ്രായ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവുമടക്കമുള്ള മൗലികാവകാശങ്ങൾ നിഷേധിക്കുന്നത്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട് സ്വന്തം രാജ്യം വിട്ടോടി പോകേണ്ടി വന്നിട്ടുള്ള അഭയാർഥികൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർചിത്രങ്ങൾ വർത്തമാനകാലത്ത് നമ്മുടെ മുമ്പിലുണ്ട്. ഭരണകൂടങ്ങൾ നേർക്കുനേരെ രാജ്യദ്രോഹങ്ങളിൽ ഏർപ്പെടുന്നതിന്റെ ഉദാഹരണങ്ങളാണിതെല്ലാം. 
ഏകദൈവത്തിന്റെ നിയമനിർദേശങ്ങൾ പാലിച്ച് ജീവിക്കുന്ന യഥാർഥ മുസ്‌ലിം ഏതൊരു രാജ്യത്ത് ജീവിക്കുമ്പോഴും രാജ്യത്തിനെതിരായ നിലപാട് സ്വീകരിക്കാൻ പാടുള്ളതല്ല. സ്വന്തം നാട്ടിൽ ജീവിക്കുവാനുള്ള അവകാശവും മറ്റു സ്വാതന്ത്ര്യങ്ങളും ലഭിക്കുന്നുണ്ടെങ്കിൽ അവിടെ കലാപങ്ങളും സംഘർഷങ്ങളും സൃഷ്ടിക്കാൻ വിശ്വാസികൾക്ക് പാടുള്ളതല്ല. ഭരണകൂടത്തെ തിരുത്തുവാൻ രാഷ്ട്രം അനുവദിച്ച മാർഗങ്ങൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. ജനാധിപത്യ ഭരണ സമ്പ്രദായമുള്ള രാജ്യങ്ങളിൽ അവിടുത്തെ സമ്പ്രദായമനുസരിച്ചും അല്ലാത്ത രാജ്യങ്ങളിൽ അവിടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള രീതികളും മാത്രമാണ് ഉപയോഗിക്കേണ്ടത്. പ്രതിഷേധങ്ങളുടെ മറവിൽ രാജ്യത്തിനെതിരെ കലാപം നടത്താൻ പദ്ധതിയിടുന്നവരുടെ ചട്ടുകങ്ങളായി മാറുവാൻ വിശ്വാസികൾക്ക് പാടുള്ളതല്ല. 


ഭരണകൂടങ്ങൾക്കെതിരെയുള്ള എല്ലാ വിമർശനങ്ങളെയും രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് വലിയ കുറ്റമാണ്. വിമർശനങ്ങളോട് അങ്ങേയറ്റത്തെ സഹിഷ്ണുത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് നബി (സ്വ). രൂക്ഷമായി പ്രതികരിച്ചു വന്നുകൊണ്ട് പ്രവാചകനെ ദേഹോപദ്രവം ഏൽപിച്ചിരുന്നവരെ പോലും അദ്ദേഹം കേൾക്കുകയുണ്ടായി. 'അദ്ദേഹം നിങ്ങൾക്ക് ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാകുന്നു.' എന്നാണ് ഖുർആൻ (9:61) അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. പ്രവാചകന്റെ തോളിൽ കിടന്നിരുന്ന പരുക്കൻ ഷാൾ പിടിച്ചുവലിച്ചു കൊണ്ട് സ്വത്തിന്റെ കണക്ക് പറഞ്ഞ ഗ്രാമീണ അറബിക്ക് അത് നൽകിക്കൊണ്ട് അദ്ദേഹം പുഞ്ചിരിച്ചു. പ്രവാചകന് ലഭിച്ച ചില വസ്തുക്കൾ ഓഹരി വെക്കുമ്പോൾ 'മുഹമ്മദ്, നീതി പാലിക്കുക' എന്ന് ഒച്ചവെച്ച വ്യക്തിക്ക് നേരെ ചാടിപ്പുറപ്പെട്ട ഉമർ (റ) വിനെ തടയുകയായിരുന്നു നബി (സ്വ) ചെയ്തത്. ജനങ്ങളുടെ സംസാരിക്കുവാനുള്ള അവകാശങ്ങളെ അദ്ദേഹം തടഞ്ഞിരുന്നില്ല. എന്നിരുന്നാലും ഭരണാധികാരികൾക്കെതിരെയുള്ള വിമർശനങ്ങൾ കലാപമാകുകയോ രാജ്യത്തിന്റെ ഭാവിയെ നശിപ്പിക്കുകയോ ചെയ്യുന്ന വിധമാണെങ്കിൽ അത്തരത്തിലുള്ള വിമർശനങ്ങളെ കുറിച്ച് അദ്ദേഹം താക്കീത് നൽകുകയും ചെയ്തു. വിമർശനങ്ങളിൽ പക്വത വേണമെന്ന ഉപദേശം അദ്ദേഹം നൽകിയിരുന്നു. 


കുഴപ്പങ്ങൾക്ക് ആഹ്വാനം ചെയ്ത് രാജ്യത്തിന്റെ അച്ചടക്കം നശിപ്പിക്കുകയും അവിടെ അരാജകത്വം സൃഷ്ടിക്കുകയും അങ്ങനെ രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനെയാണ് രാജ്യദ്രോഹം എന്നുപറയുന്നത്. അതിനെ ഇസ്‌ലാം വലിയ കുറ്റവും തിന്മയുമായിട്ടാണ് കാണുന്നത്. സ്വാഭാവികമായ എതിരഭിപ്രായങ്ങളെ ഇസ്‌ലാം രാജ്യദ്രോഹമായി കാണുന്നില്ല.

Latest News