കൊച്ചി - സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവെച്ച 3500 കോടിയുടെ ധാരണപത്രത്തില്‍നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ചതോടെ കിറ്റക്‌സിന് തമിഴ്‌നാട്ടില്‍നിന്ന് ഓഫര്‍. കമ്പനിയുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗികമായി കിറ്റെക്‌സിനെ ക്ഷണിച്ച് ഔദ്യോഗിക കത്ത് കിറ്റക്‌സ് എം.ഡി സാബു ജേക്കബിന് ലഭിച്ചത്രെ. വ്യവസായം തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങള്‍ തമിഴ്‌നാട് വാഗ്ദാനം ചെയ്തിട്ടുണ്ട്.
2020 ല്‍ കൊച്ചിയില്‍ നടന്ന കേരള ആഗോള നിക്ഷേപക സമ്മേളനമായ അസെന്‍ഡിലാണ് സംസ്ഥാന സര്‍ക്കാരുമായി 3500 കോടിയുടെ ധാരണപത്രം കിറ്റക്‌സ് ഒപ്പുവച്ചത്. ഒരു വര്‍ഷത്തിനിപ്പുറം കിറ്റെക്‌സ് കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്നെയും കമ്പനിയെയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് സാബു കരാറില്‍ നിന്നും പിന്‍മാറുന്നത്.
24 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കിഴക്കമ്പലത്തെ കിറ്റക്‌സ് ഫാക്ടറിയില്‍ ഒരു മാസത്തിനിടെ 11 തവണ സര്‍ക്കാര്‍ പരിശോധനകള്‍ നടത്തിയതാണ് കമ്പനിയെ ചൊടിപ്പിച്ചത്.