തായിഫ് - അൽവിസാം ഡിസ്ട്രിക്ടിൽ ചരക്കു ലോറിയിടിച്ച് സൗദി പൗരന്റെ വീട്ടുമതിൽ തകർന്നു. പിന്നോട്ടെടുക്കുന്നതിനിടെ സിമന്റ് ലോഡ് വഹിച്ച ലോറി ഇടിച്ച് വീടിന്റെ മതിൽ ഭാഗികമായി തകരുകയായിരുന്നു. ഈ സമയത്ത് വീട്ടുകാർ ആരും മുറ്റത്തില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
രാവിലെ ആറു മണിക്ക് അപകട ശബ്ദം കേട്ടാണ് താൻ ഉറക്കമുണർന്നതെന്ന് വീട്ടുടമ മുഹമ്മദ് അൽസുബൈത്തി പറഞ്ഞു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ തനിക്ക് ലോറി ഇടിച്ച് വീടിന്റെ മതിൽ തകർന്നതാണ് കാണാനായത്. വീട്ടുമുറ്റത്ത് കുട്ടികളുടെ ഊഞ്ഞാൽ സ്ഥാപിച്ചതിനു സമീപമാണ് ലോറിയിടിച്ച് മതിൽ തകർന്നത്. ഈ സമയത്ത് ആരും മുറ്റത്തുണ്ടായിരുന്നില്ല. അപകടം കാണുകയും എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്ത ശേഷം ലോറി ഡ്രൈവർക്ക് താൻ മാപ്പ് നൽകിയതായി സൗദി പൗരൻ പറഞ്ഞു.