റിയാദ് - തവക്കൽനാ ആപ്പിൽ പ്രദർശിപ്പിക്കുന്ന ആരോഗ്യനിലകകളിൽ മാറ്റംവരുത്തിയ കേസിൽ 12 സൗദി പൗരന്മാരെയും വിദേശികളെയും അറസ്റ്റ് ചെയ്തതായി കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. തവക്കൽനാ ആപ്പിൽ പ്രദർശിപ്പിക്കുന്ന ആരോഗ്യ നിലകളിൽ പണം ഈടാക്കി തിരുത്തലുകൾ വരുത്തിനൽകുന്നതിനെ കുറിച്ച പരസ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ട് നടത്തിയ അന്വേഷണത്തിലൂടെയാണ് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മധ്യവർത്തികളും ആരോഗ്യനിലയിൽ മാറ്റംവരുത്തിയതിന്റെ പ്രയോജനം ലഭിച്ചവരും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
കിഴക്കൻ പ്രവിശ്യ ആരോഗ്യ വകുപ്പിനു കീഴിലെ വാക്‌സിൻ സെന്റർ ഉദ്യോഗസ്ഥനായ സൗദി പൗരൻ അക്‌റം ഇഖാൽ ഔൻ അൽഖഹ്താനി, കിഴക്കൻ പ്രവിശ്യ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ സൗദി പൗരൻ നായിഫ് മുഹമ്മദ് മുസാഅദ് അൽശഹ്‌രി എന്നിവർ അറസ്റ്റിലായവരിൽ പെടും. ഇടനിലക്കാർ മുഖേന പണം ഈടാക്കി സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യനിലകളിൽ തിരുത്തലുകൾ വരുത്തുകയാണ് ഇരുവരും ചെയ്തത്.